സ്നാനം സ്വീകരിക്കേണ്ടത് എങ്ങനെ?

മൂക്കും വായും പൊത്തിപ്പിടിച്ച്, സനാനാര്‍ത്ഥിയെ വെള്ളത്തില്‍ മലര്‍ത്തിയടിച്ചാല്‍ മാത്രമേ സ്നാനമാകൂ എന്ന് കരുതുന്ന ഗ്രൂപ്പുകള്‍ക്ക് സ്നാനത്തിന്റെ അര്‍ത്ഥം ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. സ്നാനത്തില്‍ ജലം അനിവാര്യ ഘടകമാണെങ്കിലും അതൊരു അടയാളം മാത്രമാണ്. ഒഴുകുന്ന ജലത്തില്‍ മുങ്ങിയും ശിരസ്സില്‍ ജലമൊഴിച്ചും സ്നാനം നിര്‍വ്വഹിക്കാവുന്നതാണ്‌. മുങ്ങിയാല്‍ മാത്രമേ സ്നാനമാകൂ എന്നു വാശിപിടിക്കുന്നത് യോഹന്നാന്റെ സ്നാനം ഭാവനയില്‍നിന്നു മായാത്തതുകൊണ്ടായിരിക്കാം. അപ്പസ്തോലന്മാരായ പത്രോസ്, പൗലോസ് എന്നിവര്‍ സ്നാനത്തെക്കുറിച്ചു നല്‍കിയിരിക്കുന്ന വെളിപ്പെടുത്തല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ അബദ്ധധാരണ നീങ്ങിപ്പോകും. ഈ വെളിപ്പെടുത്തല്‍ നോക്കുക:
1 പത്രൊസ്
3:20 ആ പെട്ടകത്തില്‍ എട്ട് ആളുകള്‍ മാത്രമാണ് പ്രവേശിച്ചതും വെള്ളത്തിലൂടെ രക്ഷ പ്രാപിച്ചതും. അതിനു സദൃശമായി നിങ്ങളും മാമൂദീസാമൂലം രക്ഷ പ്രാപിക്കുന്നു.
3:21 അത് അഴുക്കില്‍ നിന്നു ശരീരത്തെ കഴുകുന്നതു കൊണ്ടല്ല; നിര്‍മ്മലമായ മനഃസാക്ഷിയോടെ ദൈവത്തേയും യേശുമ്ശീഹായുടെ പുനരുത്ഥാനത്തേയും ഏറ്റുപറയുന്നതുകൊണ്ടാകുന്നു.
നോഹയുടെ കാലത്ത് ജലപ്രളയമുണ്ടായപ്പോള്‍ പെട്ടകത്തില്‍ കയറി രക്ഷപ്പെട്ടത്തിന്റെ സാദൃശ്യമായിട്ടാണ് സ്നാനമെന്ന് പത്രോസ് അപ്പസ്തോലന്‍ ഇവിടെ വ്യക്തമാക്കുന്നു! ജലപ്രളയത്തില്‍നിന്നു രക്ഷപ്പെട്ടത് നോഹും കുടുംബവും മാത്രമായിരുന്നു. ഇവരാരും വെള്ളത്തില്‍ മുങ്ങിയില്ല; വെള്ളത്തിനുമുകളിലൂടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, വെള്ളത്തില്‍ മുങ്ങിയവരില്‍ ഒരുവന്‍പോലും രക്ഷപ്പെട്ടതായി അറിയില്ല! ജലം ഒരു പ്രതീകം മാത്രമാണെന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. പൗലോസ് വെളിപ്പെടുത്തല്‍ക്കൂടി നമുക്കു പരിശോധിക്കാം. അപ്പസ്തോലന്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "സഹോദരരേ, നമ്മുടെ പിതാക്കന്‍മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും കടലിലും സ്‌നാനമേറ്റ് മോശയോടു ചേര്‍ന്നു"(1കോറി:10;1,2). മേഘത്തിലും കടലിലും സ്നാനമേറ്റവരാണ് മോശയോടു ചേര്‍ന്നത്! ഈജിപ്തില്‍നിന്നും പുറത്തുവന്ന പൂര്‍വ്വപിതാക്കന്മാര്‍ ചെങ്കടലിലൂടെ കടന്നതിന്റെയും മരുഭൂമിയിലൂടെ കടന്നുപോയപ്പോള്‍ മേഘത്തണലില്‍ ആയിരുന്നതിനെയുമാണ് സ്നാനമായി ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ചെങ്കടലിലൂടെ കടന്നുപോയ ഏതെങ്കിലും ഇസ്രായേല്‍ക്കാരന്റെ ദേഹത്ത് വെള്ളം പതിച്ചില്ല; എന്നാല്‍, അവരുടെ പിന്നാലെവന്ന ഈജിപ്തിന്റെ സൈന്യത്തിനുമേല്‍ വെള്ളം പതിച്ചു. ഇവരില്‍ ഏതു കൂട്ടരാണ് രക്ഷപ്രാപിച്ചത്? വെള്ളം ദേഹത്തു പതിക്കപ്പെട്ടവരോ? വരണ്ട നിലത്തുകൂടി സഞ്ചരിച്ചവരോ? ഇവിടെയും ജലം ഒരു പ്രതീകം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും!
മേഘത്തില്‍ സ്നാനം സ്വീകരിക്കുന്നത് എപ്രകാരമാണെന്നുകൂടി പരിശോധിക്കാം. മേഘത്തില്‍ സ്നാനമേല്ക്കുകയെന്നാല്‍, മഴയോ മഞ്ഞോ കൊള്ളുക എന്നാണര്‍ത്ഥം! മേഘത്തില്‍നിന്നു പുറത്തുവരുന്നത് ഇവ രണ്ടുമാണ്! യഥാര്‍ത്ഥത്തില്‍ ഇതൊരു തളിക്കലാണ്! മുങ്ങിയാല്‍ സ്നാനമാകില്ലെന്നു പറയില്ല; മുങ്ങി സ്നാനം സ്വീകരിക്കുന്നത് എന്തുകൊണ്ടും അര്‍ത്ഥപൂര്‍ണ്ണമാണ്! എന്നാല്‍, മുങ്ങിയാല്‍ മാത്രമേ സ്നാനമാകൂ എന്ന ധാരണ തികച്ചും അജ്ഞതയില്‍നിന്നും ഉടലെടുത്തതാണെന്നു പറയാതിരിക്കാനും കഴിയില്ല .
ജലം ഒരു പ്രതീകമായി മാത്രമേ സ്നാനത്തില്‍ പരിഗണിക്കേണ്ടതുള്ളൂ! ആദിമ സഭാപിതാക്കന്മാര്‍ തയ്യാറാക്കിയ 'ഡിഡാക്കെ' എന്ന പുസ്തകത്തില്‍ സ്നാനം സ്വീകരിക്കേണ്ട വിധങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഒഴുകുന്ന ജലത്തില്‍ സ്നാനം സ്വീകരിക്കാം; തടാകത്തിലോ മറ്റു ജലാശയങ്ങളിലോ സ്നാനം സ്വീകരിക്കാം; ടാങ്കില്‍ നിറച്ച വെള്ളത്തില്‍ സ്നാനം സ്വീകരിക്കാം; തണുപ്പുള്ള പ്രദേശങ്ങളില്‍ ചൂടാക്കിയ വെള്ളത്തില്‍ സ്നാനം സ്വീകരിക്കാം; കൂടാതെ, ശിരസ്സില്‍ വെള്ളം ഒഴിച്ചുകൊണ്ടും സ്നാനം സ്വീകരിക്കാം! ഇതില്‍ ഏതു രീതി അവലംബിച്ചാലും അതു സ്നാനം തന്നെയാണ്! എന്നാല്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്വീകരിച്ചാല്‍ മാത്രമേ കർത്താവായ യേശു പറഞ്ഞ സ്നാനമാകുകയുള്ളൂ!
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്നു പറഞ്ഞതുകൊണ്ടും കാര്യമില്ല; ആ നാമം പറയുക തന്നെവേണം! അതായത്, ആ നാമം അറിയുകയും ആ നാമത്തില്‍ സ്നാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്നാനം പൂര്‍ണ്ണമാകുകയുള്ളൂ!

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും