ക്രൈസ്തവരായി ജീവിക്കാന്‍ സ്നാനം അനിവാര്യം!
ക്രിസ്ത്യാനിയായി ഈ ഭൂമിയില്‍ ജീവിക്കണമെങ്കില്‍ സ്നാനം കൂടിയേതീരൂ. എന്നാല്‍, കർത്താവായ യേശുവിൽ വിശ്വസിച്ചതിനുശേഷം രക്തസാക്ഷിത്വം വഹിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ മരണപ്പെടുകയോ ചെയ്യുന്നുവെങ്കില്‍, അവന്റെ മരണം ത്രിയേക ദൈവത്തിന്റെ നാമത്തിലുള്ള സ്നാനമായി പരിഗണിക്കപ്പെടും. കാരണം, യേശുവിന്റെ മരണത്തോട് ഒരുവനെ ഐക്യപ്പെടുത്തുന്നതാണ് സ്നാനം! അവിടുത്തോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരന്റെ സ്നാനം ഇപ്രകാരമുള്ളതായിരുന്നു. അതേസമയം, ഈ ഭൂമിയില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്ന ഓരോരുത്തരും അവിടുത്തെ മരണത്തോട് ഐക്യപ്പെട്ടവരായിരിക്കണം. ഇപ്രകാരം ഐക്യപ്പെട്ട ജീവിതം നയിച്ചവര്‍ക്കു മാത്രമേ അവിടുത്തെ പുനരുത്ഥാനത്തില്‍ അവിടുത്തോട്‌ ഐക്യപ്പെടാനും നിത്യജീവനില്‍ പ്രവേശിക്കുവാനും സാധിക്കുകയുള്ളു!
മ്ശിഹായോട് ഐക്യപ്പെടാത്ത ഒരുവനു ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല! അതിനാല്‍, ക്രിസ്ത്യാനിയാകാനുള്ള തങ്ങളുടെ മക്കളുടെ അവകാശം നിഷേധിക്കുന്ന മാതാപിതാക്കള്‍ അവരോടു കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. വളര്‍ന്നുവരുമ്പോള്‍, അവര്‍ തങ്ങളുടെ യോഗ്യതയ്ക്ക് അനുസൃതമായി പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യട്ടെ! കുഞ്ഞുങ്ങള്‍ ആദ്യമായി ശിഷ്യപ്പെടുന്നത് അവരുടെ അദ്ധ്യാപകര്‍ക്കല്ല; മറിച്ച്, മാതാപിതാക്കള്‍ക്കാണ്. യേശുവിന്റെ വചനവും അപ്രകാരംതന്നെയാണ്. ശിഷ്യപ്പെട്ടവരെ പിന്നീടു സ്നാനപ്പെടുത്തുകയും അതിനുശേഷം അവരെ പഠിപ്പിക്കുകയും ചെയ്യണമെന്ന കല്പനയാണ് യേഹ്ശുവാ നല്‍കിയിരിക്കുന്നത്. വചനം ഇപ്രകാരം നമ്മോടു കല്പിക്കുന്നു:
" ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു സ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;19,20).
ഈ ക്രമമാണ് നാം അനുവര്‍ത്തിക്കേണ്ടത്. ശിശുക്കള്‍ക്ക് സ്നാനം നല്‍കരുതെന്ന ഒരു വചനംപോലും ബൈബിളില്‍ ഇല്ലാതിരിക്കെ, അവരുടെ സ്നാനത്തെ ഇത്രമാത്രം എതിര്‍ക്കുന്നവര്‍ ദൈവവചനം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്തു ധാര്‍മ്മീകതയാണുള്ളത്? സ്നാനത്തിലൂടെയാണ് ഒരു വ്യക്തി ക്രിസ്ത്യാനിയാകുന്നതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ, സ്നാനം നല്‍കാത്ത കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുകയും ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുകയും ചെയ്യുമ്പോള്‍, അവര്‍ ക്രിസ്ത്യാനികളാണെന്നു രേഖപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ദൈവരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ സ്നാനം അനിവാര്യമായിരിക്കുന്നതുപോലെതന്നെ,ക്രിസ്ത്യാനിയായി ഈ ഭൂമുഖത്തു ജീവിക്കണമെങ്കിലും സ്നാനം കൂടിയേതീരൂ. കാരണം, ഒരുവന്‍ മ്ശിഹായുടെ ശരീരമാകുന്ന സഭയില്‍ അംഗമാകുന്നത് സ്നാനത്തിലൂടെയാണ്. മ്ശിഹായോട്‌ ഐക്യപ്പെടാത്ത ആര്‍ക്കും ദൈവത്തിന്റെ സഭയുടെ ഭാഗമാകാന്‍ കഴിയുകയില്ല! യേശുവിന്റെ മരണത്തോട് ഐക്യപ്പെടാത്തവരായ ആര്‍ക്കും അവിടുത്തെ പുനരുത്ഥാനത്തിന്റെ ഭാഗമാകാനും സാധിക്കുകയില്ല.
മനസിലാക്കുക ,വെറും വാക്കുകൾ അല്ല
വിശോസിക്കുക ,സത്യവിശ്വാസം എന്താണ് എന്ന് പഠിക്കുക
പഠിപ്പിക്കുക ....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും