silence ....ധീര രക്ത സാക്ഷികൾ

പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് സിനിമയാണ് ‘സൈലൻസ്.’ ലോകപ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌ക്കോർസെസെ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു നിമിഷത്തെ ചിന്തയിൽനിന്ന് തട്ടിക്കൂട്ടിയ ഒരു സിനിമയല്ല ഇത്. ‘കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ഞാൻ ഈ സിനിമയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു’ എന്ന് അദ്ദേഹം പറയുമ്പോൾ ഈ സിനിമയുടെ പ്രാധാന്യം നമുക്ക് ഊഹിക്കാം. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ ഷുസാക്കു എൻഡോയുടെ (1974-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് ഏറ്റവും അടുത്ത് പരിഗണിക്കപ്പെട്ട ഒരാളായിരുന്നു എൻഡോ) നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ രൂപകല്പന ചെയ്തിരിക്കുന്നത്. നോവലിന്റെ പേരും സൈലൻസ് എന്നുതന്നെ.

➕➕പ്രചോദനം
എന്തുകൊണ്ടാണ് മാർട്ടിൻ സ്‌ക്കോർസെസെ എന്ന പ്രശസ്ത സംവിധായകൻ ഇതിന് ഈ പ്രാധാന്യം കൊടുത്തത്? കാരണം ഒന്നേയുള്ളൂ, ഇതിൽ ജീവൻ തുടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികളുടെ നിശബ്ദമായ ജീവത്യാഗത്തിന്റെ കഥയാണ് ഈ സിനിമ നമ്മോട് പറയുന്നത്. യേശുവിനോടുള്ള അചഞ്ചലമായ സ്‌നേഹത്തെപ്രതി, ആ വിശ്വാസം ഒരു നിധിപോലെ കാത്തുസൂക്ഷിക്കുവാൻ അവർ തങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് നല്കുവാൻ തയാറായി. പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന അതിദാരുണമായ ക്രൈസ്തവപീഡനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ചുരുൾ നിവരുന്നത്. അവരുടെ അടിയുറച്ച വിശ്വാസവും തീക്ഷ്ണതയും ഏതൊരു വിശ്വാസിയെയും പ്രചോദിപ്പിക്കുന്നതാണ്.

ജപ്പാൻ ലോകരക്ഷകനായ യേശുവിനെ അറിയുന്നത് 1552-ലാണ്. ഉള്ളിൽ സുവിശേഷത്തിന്റെ തീപ്പന്തവുമായി ലോകമെങ്ങും പ്രത്യേകിച്ച് ഏഷ്യയിൽ, ഓടിനടന്ന "വിശുദ്ധ ഫ്രാൻസിസ് സേവ്യർ" ആ വർഷമാണ് ജപ്പാനിലെത്തിയത്. അദ്ദേഹം വിതറിയ അഗ്നിസ്ഫുലിംഗങ്ങൾ ജപ്പാനിൽ ആളിക്കത്തുവാൻ തുടങ്ങി. വെറും മുപ്പത്തിയഞ്ച് വർഷങ്ങൾകൊണ്ട് ക്രൈസ്തവരുടെ എണ്ണം രണ്ടുലക്ഷമായി ഉയർന്നു.

പക്ഷേ ഇത് അധികാരികളെ വിറളി പിടിപ്പിച്ചു. ശക്തമായ പീഡനങ്ങൾ അരങ്ങേറുവാൻ തുടങ്ങി. 1597-ൽ ഏറ്റവും ക്രൂരമായ പീഡനം നടന്നു. അത് നാഗസാക്കിയിലായിരുന്നു. അന്ന് 26 ക്രൈസ്തവരെ കുരിശിൽ തൂക്കിക്കൊന്നു. അവരിൽ ഇരുപതുപേർ ജപ്പാൻകാരും നാലുപേർ സ്‌പെയിൻകാരും, ഒരു മെക്‌സിക്കോക്കാരനും ഒരു ഇന്ത്യക്കാരനുമുണ്ടായിരുന്നു. കളങ്കമില്ലാത്ത അവർ ചെയ്ത ഏക കുറ്റം യേശുവിൽ വിശ്വസിച്ചു എന്നതായിരുന്നു. തുടർന്നങ്ങോട്ട് പീഡനങ്ങളുടെ ഒരു പരമ്പരതന്നെ അരങ്ങേറി. ഏകദേശം മൂന്നു ലക്ഷത്തോളം ക്രൈസ്തവർ ഈ കാലഘട്ടത്തിൽ ക്രിസ്തുവിനുവേണ്ടി ജീവൻ ത്യജിച്ച് രക്തസാക്ഷികളായി എന്നാണ് കണക്ക്.

ഇതിനിടയിലും ചില കാർമേഘങ്ങൾ ഉയർന്നിട്ടുണ്ട്. കഠിനമായ പീഡനത്തിനിടയിൽ വിശ്വാസസ്ഥൈര്യം നഷ്ടപ്പെട്ട ചിലരുണ്ടായിരുന്നു. അവരിലൊരാളാണ് പോർച്ചുഗീസ് വൈദികനായിരുന്ന ക്രിസ്റ്റോവ പെരേര. തീക്ഷ്ണമതിയായി ആരംഭിച്ച് ഒറ്റുകാരനായി അവസാനിച്ച ഒരു ദുരന്തകഥാപാത്രമാണ് അദ്ദേഹം. കഠിനമായ പീഡനങ്ങൾക്കിടയിൽ കാലിടറിപ്പോയി അദ്ദേഹത്തിന്. സുവിശേഷപ്രവർത്തനം നടത്തുന്നതിനിടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തെ കൊണ്ടുചെന്നിട്ടത് ചീഞ്ഞളിഞ്ഞ വസ്തുക്കൾ നിക്ഷേപിച്ച ദുർഗന്ധം വമിക്കുന്ന ഒരു ഇടുങ്ങിയ ഇരുട്ടുമുറിയിലാണ്. അവിടെ വെറുതെ നിലത്ത് നിർത്തുക അല്ല ചെയ്തത്. തലകീഴായി കെട്ടിത്തൂക്കുകയാണുണ്ടായത്. അസഹ്യമായ വേദന. തലകീഴായി കിടക്കുമ്പോൾ ശരീരത്തിലെ രക്തം തലയോട്ടിയിൽ വന്ന് അടിക്കുന്ന അനുഭവം. കഠിനമായ വേദനകൾക്കപ്പുറം പ്രകാശത്തിൽ സ്വീകരിക്കുവാൻ കാത്തുനില്ക്കുന്ന യേശുവിനെ കാണുന്നവർക്കേ ഈ പീഡനങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ. ആദ്യരക്തസാക്ഷി ഇപ്രകാരം വിളിച്ചു പറഞ്ഞില്ലേ:

”ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 7:56).

നിർഭാഗ്യവശാൽ പെരേരയച്ചന് ഈ സ്വർഗീയ ദർശനം നഷ്ടപ്പെട്ടു. അദ്ദേഹം ലോകത്തിലേക്കാണ് നോക്കിയത്. അപ്പോൾ ക്രിസ്തുവിലുള്ള വിശ്വാസം വിലയില്ലാത്തതായി അദ്ദേഹത്തിന് തോന്നി. അദ്ദേഹം അധികാരികളോട് വിളിച്ചുപറഞ്ഞു: ”ഞാൻ എന്റെ വിശ്വാസം ഉപേക്ഷിക്കുന്നു.” തൽക്ഷണം അദ്ദേഹം വിമോചിതനായി. അദ്ദേഹം ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചുവെന്ന് മാത്രമല്ല മറുകണ്ടം ചാടുകകൂടി ചെയ്തു. അധികാരികളെ പ്രീതിപ്പെടുത്തുവാൻ അദ്ദേഹം ഒരു ബുദ്ധമതക്കാരനായി, വിവാഹം കഴിച്ചു. മാത്രവുമല്ല വിശ്വാസികളെ പീഡിപ്പിക്കുന്നതിൽ പങ്കുചേരുകയും ചെയ്തു. എത്ര ശോചനീയമായ വീഴ്ച!
ഈ മനുഷ്യന്റെ മനസിൽ ഒരു സംഘർഷമില്ലേ? എങ്ങനെ അദ്ദേഹത്തിന് തന്റെ കഴിഞ്ഞകാല വിശ്വാസവും ഇപ്പോഴത്തെ ഒറ്റുകാരനെന്ന ജീവിതവും തമ്മിൽ പൊരുത്തപ്പെടുത്തുവാൻ സാധിക്കുന്നു? അദ്ദേഹത്തിന്റെ മനഃസാക്ഷി അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുണ്ടാവില്ലേ? മർമ്മപ്രധാനമായ ഈ പ്രശ്‌നങ്ങളൊക്കെ ‘സൈലൻസ്’ എന്ന സിനിമയിലെ പ്രധാന പ്രമേയങ്ങളാണ്.

➕➕സ്ഫുടതാരകങ്ങൾ
എന്നാൽ ഇവിടെയും സ്ഫുടതാരകങ്ങളുണ്ട്. കൊടിയ വേദനകൾക്കിടയിലും ക്രിസ്തുവിനെ പ്രാണപ്രിയനായി നെഞ്ചോട് ചേർത്തവർ. അവരിലൊരാളാണ് ഇറ്റാലിയൻ വൈദികനായ "ജിയോവന്നി ബറ്റിസ്റ്റ സിഡോറ്റി." സിഡോറ്റി അച്ചന് തന്റെ ജീവനെക്കാൾ വിലപ്പെട്ടതായിരുന്നു യേശു. അതിനാൽ ജീവൻ പണയംവച്ചും മതപീഡനം നടക്കുന്ന ജപ്പാനിലേക്ക് പോകുവാൻ അദ്ദേഹം തീരുമാനിച്ചു. അധികാരികളുടെ അനുവാദം വാങ്ങി. ജപ്പാനിൽ രഹസ്യസഭയിലെ കത്തോലിക്കാവിശ്വാസികൾക്ക് കൂദാശകൾ പരികർമം ചെയ്യുവാനും കൂടുതൽ വിശ്വാസികളെ നേടുവാനും അദ്ദേഹം ആഗ്രഹിച്ചു. ജപ്പാനിലെത്തിയ അദ്ദേഹം തന്റെ പ്രവർത്തനം നടത്തുന്നതിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

അദ്ദേഹത്തെ ഒരു സെല്ലിൽ അടച്ചു. ജാഗ്രതയോടെ അദ്ദേഹത്തെ നിരീക്ഷിക്കുവാൻ ഒരു ജാപ്പനീസ് ദമ്പതികളെയാണ് നിയോഗിച്ചത്. ഭക്ഷണവും വെള്ളവും കൊടുക്കാതെ പൂർണമായും പട്ടിണിക്കിടുകയാണ് അധികാരികൾ ചെയ്തത്. ശരീരത്തെക്കാൾ ആത്മാവിന് പരമപ്രാധാന്യം നല്കിയിരുന്ന സിഡോറ്റി അച്ചൻ കീഴടങ്ങിയില്ല. മാത്രവുമല്ല, തന്നെ നിരീക്ഷിക്കുവാൻ നിയോഗിക്കപ്പെട്ടവരോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. അവരും കർത്താവായി യേശുക്രിസ്തുവിനെ സ്വീകരിച്ചു. ക്രുദ്ധരായ അധികാരികൾ അവരെ രണ്ടുപേരെയുംകൂടി ഈ സെല്ലിൽ അടച്ചു. ക്രിസ്തുവിനെപ്രതി ജ്വലിക്കുന്ന മൂന്ന് ആത്മാക്കൾ. അവർ മൂവരും ആ തടവറയിൽ ദൈവസ്തുതികളുയർത്തി. സ്വർഗത്തെ ദർശനം കണ്ട അവർ ആ തടവറയിൽ വീരചരമം പ്രാപിച്ചു.

➕➕ശേഷം 2014-ൽ
തന്നെ സ്‌നേഹിക്കുന്നവരെ ദൈവം ഒരിക്കലും മറക്കുകയില്ല. ദാനിയേൽ ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ: ”ദൈവമേ, അങ്ങ് എന്നെ ഓർമിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല” (ദാനിയേൽ 14:38).

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ രക്തസാക്ഷിത്വം നടക്കുന്നത്. കാലങ്ങൾ കടന്നുപോയി. അവർ താമസിച്ചിരുന്ന കെട്ടിടവും മണ്ണിനടിയിലായി. പക്ഷേ, 2014 ജൂലൈ മാസത്തിൽ അവിടെ ഒരു പുതിയ കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ തൊഴിലാളികൾ മൂന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. പരിശോധനയിൽ അത് തിരിച്ചറിഞ്ഞു. വർഷങ്ങൾക്കുമുൻപ് അവിടെ ക്രിസ്ത്യൻ മാൻഷൻ എന്ന പീഡനസ്ഥലം സ്ഥിതിചെയ്തിരുന്നതാണെന്ന് മനസിലാക്കി. ആ അസ്ഥിക്കഷണങ്ങൾ സിഡോറ്റി അച്ചന്റെയും അച്ചന്റെകൂടെ തടവറയിൽ ഉണ്ടായിരുന്ന ചൊസുക്കേ, ഹാരു എന്നീ ജാപ്പനീസ് ദമ്പതികളുടേതുമാണെന്ന് തിരിച്ചറിഞ്ഞ ജാപ്പനീസ് സഭാധികാരികൾ അവ ടോക്കിയോയിലെ കത്തീഡ്രലിലേക്ക് കൊണ്ടുപോയി. അവിടെ ആദരപൂർവം അടക്കം ചെയ്തു.

ജീവൻ നല്കി മനുഷ്യവംശത്തെ രക്ഷിച്ച ലോകരക്ഷകനെപ്രതി ജീവിച്ച് മരിച്ച ഇത്തരത്തിലുള്ള രക്തസാക്ഷികൾ സഭയുടെ ശക്തിയാണ്. സ്വർഗത്തിലേക്കുള്ള യാത്രയിൽ നക്ഷത്രങ്ങളായി അവർ നമുക്ക് മുൻപേ നീങ്ങുന്നുണ്ട്. ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളിൽ ക്രിസ്തുവിനെപ്രതി പീഡിപ്പിക്കപ്പെടുന്ന അനേക വിശ്വാസികളുണ്ട്. നമ്മുടെ പ്രാർത്ഥന അവർക്ക് ശക്തി പകരും.

അതേ സമയംതന്നെ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളിയുണ്ട്, നിശബ്ദ രക്തസാക്ഷികളായി ജീവിക്കാൻ. യേശുവിനോടുള്ള സ്‌നേഹത്തെപ്രതി ലോകം വച്ചുനീട്ടുന്ന സുഖങ്ങൾ നാം ഉപേക്ഷിക്കുമ്പോൾ നാമും അതുതന്നെയാണ് ചെയ്യുന്നത്. ലോകത്തിലെ ഭൂരിഭാഗംപേരും അധർമ്മത്തിന്റെയും അനീതിയുടെയും കള്ളത്തരത്തിന്റെയും മാർഗം തിരഞ്ഞെടുക്കുമ്പോൾ ഞാൻ യേശുവിനെപ്രതി വിശുദ്ധ വഴി സ്വീകരിക്കുന്നു. അതൊരു നിശബ്ദ രക്തസാക്ഷിത്വമാണ്. അത് അനേകരെ പ്രചോദിപ്പിക്കുകയും യേശുവിലേക്ക് ആകർഷിക്കുകയും ചെയ്യും. എല്ലാം ദൈവത്തിന്റെ ദാനവും കൃപയുമാകയാൽ നമുക്ക് പ്രാർത്ഥിക്കാം:
സ്‌നേഹനിധിയായ ദൈവമേ, അങ്ങയെ ജീവനെക്കാൾ അധികമായി സ്‌നേഹിക്കുന്ന വ്യക്തികളെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. യേശുവേ, അങ്ങയുടെ നാമത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരോട് പ്രത്യേക കരുണ കാണിക്കണമേ. അങ്ങയുടെ ആത്മാവിനെ അയച്ച് അവരെ ശക്തിപ്പെടുത്തിയാലും. എനിക്ക് അവിടുന്ന് നല്കിയ വിളിയനുസരിച്ച് വിശുദ്ധജീവിതം നയിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.

(കടപ്പാട് കെ.ജെ.മാത്യു)

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും