എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ
ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.
പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. (യോഹന്നാൻ 20:24-29)
ക്രിസ്തുവിനെപ്രതി തകർച്ചകളും പരാജയങ്ങളും നിരാശയും ജീവനുതന്നെ ഭീഷണിയുമൊക്കെ ഉണ്ടാകുന്ന അവസരങ്ങളിൽ, ദൈവം നേരിട്ട് എങ്ങിനെയാണ് ആത്മവിശ്വാസവും പ്രത്യാശയും പ്രദാനം ചെയ്യുന്നത് എന്ന് ഇന്നത്തെ വചനത്തിൽ വ്യക്തമാണ്.
'ഇരട്ട' എന്നർത്ഥമുള്ള THOMA എന്ന അരമ്യ പദത്തിൽ നിന്നുമാണ് 'തോമസ്' എന്ന പേരിന്റെ
ഉത്ഭവം.
ദിദിമോസ് എന്ന ഗ്രീക്ക് പദത്തിന്റെ
അർത്ഥവും ഇരട്ടകളിൽ ഒരുവൻ എന്നുതന്നെ.
"സംശയം തോമസ്" എന്ന അപരനാമം
തോമാശ്ലീഹക്ക് നേടികൊടുത്ത ഈ സംഭവം വിവരിക്കുന്നതിനുമുന്പ്, എന്തിനാണ് തോമസ് ഇരട്ടകളിൽ ഒരുവനാണെന്ന് വിശുദ്ധ
യോഹന്നാൻ എടുത്തു പറയുന്നത്?
യേശുവിന്റെ വിചാരണാവേളയിലും കുരിശുമരണസമയത്തും അവിടുത്തെവിട്ട് ഓടിപോയവരാണ് ക്രിസ്തുശിഷ്യരെല്ലാവരും.
യേശുവിന്റെ വിചാരണാവേളയിലും കുരിശുമരണസമയത്തും അവിടുത്തെവിട്ട് ഓടിപോയവരാണ് ക്രിസ്തുശിഷ്യരെല്ലാവരും.
യേശുവിന്റെ മരണം ഒരു പരാജയമായിട്ടാണ് അവരും
കണ്ടത്.
ഗാഗുൽത്തായിലെ ത്യാഗബലി അവരിലെല്ലാം ആദ്യം
ഭീതിയും, പിന്നീട് നിരാശയും ഉളവാക്കി.
എല്ലാവരും യേശുവിന്റെ രാജ്യത്തിൽ തങ്ങൾക്കു
ലഭിക്കുമെന്ന് കരുതിയ പദവികളെക്കുറിച്ചുള്ള വ്യാമോഹങ്ങളെല്ലാം ഉപേക്ഷിച്ച്, തങ്ങളുടെ പഴയ ജീവിതവൃത്തികളിലേക്ക്
തിരികെപ്പോകാനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു.
യേശു താൻ മരണത്തിൽനിന്നും ഉയിർക്കുമെന്ന്
നേരത്തേതന്നെ അവരോടു പറഞ്ഞിരുന്നെങ്കിൽ പോലും, ഞായറാഴ്ച
യേശുവിന്റെ കല്ലറ സന്ദർശിക്കാൻ പോയ സ്ത്രീകൾ വന്ന് യേശു ഉയിർത്തെണീറ്റു എന്ന്
പറഞ്ഞപ്പോൾ, ആദ്യമൊന്നും അവർ വിശ്വസിക്കുവാൻ
കൂട്ടാക്കിയില്ല.
ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാരുടെ മുൻപിൽ
പ്രത്യക്ഷപ്പെട്ട്, യേശു തന്റെ കൈകളും
പാർശ്വവും അവരെ കാണിച്ചതിന് ശേഷമാണ്, ഉത്ഥിതനായ യേശുവിൽ അവർ പൂർണ്ണമായും വിശ്വസിച്ചത്. അതോടു കൂടി അവരുടെ ഭയവും പോയി..
അതുകൊണ്ടുതന്നെ, യേശു വന്നപ്പോൾ അവിടെയില്ലാതിരുന്ന തോമസ്സിന്റെ
സംശയം ഒരർത്ഥത്തിലും മറ്റു ശിഷ്യരുടെ മനോഭാവത്തിൽനിന്നും വേറിട്ടുനില്ക്കുന്നില്ല.
അത് വ്യക്തമാകുവാനാണ്, ഒരു പരുന്തിന്റെ കൂർമ്മതയോടെ
വാക്കുകളുപയോഗിക്കുന്ന യോഹന്നാൻ, തോമ്മാശ്ലീഹക്ക്
ഒരു ഇരട്ട ഉണ്ടെന്ന് ഈ അവസരത്തിൽ നമ്മെ ഓർമിപ്പിക്കുന്നത്.
യേശുവിന്റെ ശിഷ്യന്മാരിൽ ഓരോരുത്തരും
തോമ്മാശ്ലീഹയുടെ ഇരട്ടയാണ് - അവരുടെ എല്ലാവരുടെയും മനസ്സിൽ ഒളിഞ്ഞുകിടന്നിരുന്ന
സംശയം, അദ്ദേഹം തുറന്നുപറഞ്ഞു എന്നുമാത്രമേയുള്ളൂ.
അനുഭവത്തിലൂടെ വിശ്വാസം ശക്തിപ്പെട്ടവരാണ്
അവരെല്ലാവരും. കാണപ്പെടാതെ വിശ്വസിക്കുന്നു എന്നഭിമാനിക്കുന്ന നമ്മിലുമില്ലേ
കാണപ്പെട്ടാൽ മാത്രം ശമിക്കുന്ന സംശയങ്ങൾ?
പുറത്തുപറയാൻ മടിക്കുന്പോഴും, നമ്മിലും ഒളിഞ്ഞിരുപ്പില്ലേ തോമ്മാശ്ലീഹായുടെ ഒരു
ഇരട്ട?
ജീവിച്ചിരുന്നപ്പോൾ യേശുവിനെ ഒട്ടേറെ സ്നേഹിച്ച ശിഷ്യരിൽ ഒരാളാണ് തോമസ്.
ജീവിച്ചിരുന്നപ്പോൾ യേശുവിനെ ഒട്ടേറെ സ്നേഹിച്ച ശിഷ്യരിൽ ഒരാളാണ് തോമസ്.
തന്റെ പ്രിയസുഹൃത്തായ ലാസർ രോഗം ബാധിച്ചു
കിടക്കുന്നു എന്നറിയിപ്പു കിട്ടിയപ്പോൾ, യഹൂദപ്രമാണികൾ
യേശുവിനെ കൊല്ലാൻ അന്വേഷിക്കുന്നുണ്ടെന്നു അറിയാമായിരുന്ന ശിഷ്യർ അവനെ തടയാൻ
ശ്രമിക്കുന്നുണ്ട്. എന്നാൽ തോമസ്സാകട്ടെ, "അവനോടൊപ്പം
മരിക്കാൻ നമുക്കും പോകാം" (യോഹന്നാൻ 11:16) എന്ന്
പറഞ്ഞുകൊണ്ട് മറ്റു ശിഷ്യരെ ധൈര്യപ്പെടുത്തുന്നുണ്ട്.
പക്ഷേ പറഞ്ഞത് പ്രവർത്തിക്കുവാനുള്ള അവസരം
മുന്നിൽവന്നപ്പോൾ അദ്ദേഹം പതറിപ്പോയി. എന്നാൽ മരണത്തെ ജയിച്ച യേശുവുമായുള്ള കണ്ടുമുട്ടൽ, തോമ്മാശ്ലീഹായിലെ ഭയത്തെ പരിപൂർണ്ണമായും അകറ്റി.
ഉറപ്പുള്ള വിശ്വാസത്താൽ നിറഞ്ഞ ആ
ക്രിസ്തുശിഷ്യൻ പിന്നീട് ചെയ്തത്, ആ വിശ്വാസം പ്രഘൊഷിക്കാൻ മറ്റേതൊരു ശിഷ്യനും പോയതിലും വിദൂരമായ ദേശത്തേക്ക് യാത്രയാകുകയാണ്.
ഇന്ന് നമ്മുടെ വിശ്വാസം
പരീക്ഷിക്കപ്പെടുന്ന അവസരങ്ങളിൽ ദൈവസ്പർശത്തിനായി പ്രാർത്ഥിക്കാൻ
നമുക്കാവുന്നുണ്ടോ?
നമ്മുടെ വിശ്വാസം പ്രവർത്തിയിൽ കൊണ്ടുവരാൻ
ഭയം തടസ്സമാകുന്ന അവസരങ്ങളിലെല്ലാം ഉത്ഥിതനായ
യേശുവിനെ, പരിശുദ്ധാത്മാവ് വെളിപ്പെടുത്തി
തരുന്നുണ്ട്.
നമ്മുടെ ജീവിതത്തിലും ഉത്ഥാനം ചെയ്ത
ക്രിസ്തുവിന്റെ സാമീപ്യം തിരിച്ചറിയുന്നതിനുള്ള കൃപക്കായി പ്രാർതിക്കാം.
കർത്താവായ യേശുവേ, ഭയം എന്നെ ആവരണം ചെയ്യുന്ന വേളകളിൽ, നിരാശയാൽ ചുറ്റപ്പെടുന്ന അവസരങ്ങളിൽ, പാപത്തെയും മരണത്തെയും അതിജീവിച്ച അങ്ങയിലുള്ള വിശ്വാസത്താൽ എന്നെ നിറയ്ക്കണമേ. പരീക്ഷണവേളകളിൽ എന്നോടൊപ്പമുള്ള എന്റെ യേശുവേ, അങ്ങയുടെ സാമീപ്യം തിരിച്ചറിയാൻ എന്റെ ആന്തരികനേത്രങ്ങളെ അങ്ങ് തുറക്കണമേ. ആമേൻ.
കർത്താവായ യേശുവേ, ഭയം എന്നെ ആവരണം ചെയ്യുന്ന വേളകളിൽ, നിരാശയാൽ ചുറ്റപ്പെടുന്ന അവസരങ്ങളിൽ, പാപത്തെയും മരണത്തെയും അതിജീവിച്ച അങ്ങയിലുള്ള വിശ്വാസത്താൽ എന്നെ നിറയ്ക്കണമേ. പരീക്ഷണവേളകളിൽ എന്നോടൊപ്പമുള്ള എന്റെ യേശുവേ, അങ്ങയുടെ സാമീപ്യം തിരിച്ചറിയാൻ എന്റെ ആന്തരികനേത്രങ്ങളെ അങ്ങ് തുറക്കണമേ. ആമേൻ.
Comments