"നമുക്ക് യോജിച്ചു ഐക്യ തോടെ പ്രാര്‍ത്ഥിക്കാം "

വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." (മത്തായി 18:19)
പ്രതി സന്ധി കളില്‍ കൂടി കടന്നുപോകുന്പോൾ പ്രശ്നപരിഹാരത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് നമ്മിൽ ഏറെപ്പേരും.
എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നാമുദ്ദേശിക്കുന്ന ഉത്തരം ദൈവത്തിൽനിന്നും നമുക്ക് ലഭിക്കാറില്ല.
സുവിശേഷത്തിൽ പലയിടങ്ങളിലും
കര്‍ത്താവായ യേശു വളരെ വ്യക്തമായി നമുക്ക് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങൾ തരുന്നുണ്ട്.
എന്തുചോദിച്ചാലും തരുന്ന ഒരു സ്നേഹപിതാവായാണ് അത്യുന്നതങ്ങളിൽ വാഴുന്ന പിതാവായ ദൈവത്തെ പുത്രനായ യേശു കാണിച്ചു തരുന്നത്.
പക്ഷേ ദൈവസന്നിധിയിൽ ആവശ്യങ്ങളുമായി ചെല്ലുന്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ചില നിബന്ധനകളും കര്‍ത്താവു വയ്ക്കുന്നുണ്ട്‌.
പകയും വിദ്വേഷവും ഉപേക്ഷിച്ച്, വിശ്വാസത്തോടെ, പുത്രനായ യേശുവിന്റെ നാമത്തിൽ ചോദിക്കണം എന്നാണ് യേശുനമ്മെ ഉത്ബോധിപ്പിക്കുന്നത്.
ഈ വചനഭാഗം ദൈവത്തിനുമുൻപിൽ സ്വീകാര്യമായ മറ്റൊരു വിധത്തിലുള്ള പ്രാർത്ഥനയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.
ഭൂമിയിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്നതെന്തും പിതാവായ ദൈവം നിറവേറ്റും എന്ന വളരെ വ്യക്തമായ ഒരു വാഗ്ദാനമാണ് കര്‍ത്താവു ഇന്ന് നമുക്ക് നൽകുന്നത്.
ഇവിടെ ശ്രദ്ധേയമായ കാര്യം, നൂറു കണക്കിനോ, ഒരു പത്തിരുപതു പേരെങ്കിലും ഉള്ള ഒരു കൂട്ടായ്മയിലൂടെ ചോദിച്ചാലേ ചെയ്തുതരൂ എന്നല്ല യേശു പറഞ്ഞത്, പിന്നെയോ, കേവലം രണ്ടുപേരുടെ ഒരു കൂട്ടായ്മ എന്നാണ്.
എന്നാൽ ഈ വചനത്തിന്റെ പൊരുൾ ഗ്രഹിക്കാൻ സാധിക്കാത്തതുമൂലം, കുറേപ്പേർകൂടി ദൈവത്തോട് എന്തെങ്കിലും ചോദിച്ചിട്ട് അത് കിട്ടാതെ വരുന്പോൾ, യേശുവിന്റെ ഈ വാഗ്ദാനത്തിൽ സംശയിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്.
ഈ വാഗ്ദാനത്തിൽ നമ്മൾ പലപ്പോഴും വിസ്മരിക്കുന്ന അല്ലെങ്കിൽ ശരിയായ ശ്രദ്ധ കൊടുക്കാത്ത ഒരു ഭാഗമാണ്, രണ്ടുപേർ യോജിച്ചു ചോദിക്കണം എന്നത്.
ഇവിടെ കര്‍ത്താവായ യേശു ഉദ്ദേശിക്കുന്നത് കേവലം രണ്ടുപേരുടെ ഒരു കൂട്ടായ്മ അല്ല. രണ്ടുപേർ ചേർന്ന് ഒരു കാര്യത്തിനുവേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കണം എന്നാണു യേശു പറഞ്ഞിരിക്കുന്നത്.
കേൾക്കുന്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു മേഖലയിലേക്കാണ് ഈ വാഗ്ദാനത്തിലൂടെ യേശു വിരൽ ചൂണ്ടുന്നത്.
ഉദാഹരണത്തിന്, രോഗംമൂലം ക്ലേശിക്കുന്ന ഒരു വ്യക്തിയും അയാളുടെ ജീവിതപങ്കാളിയും ഒരുമിച്ചു ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നത് രോഗസൌഖ്യത്തിനുവേണ്ടി ആയിരിക്കും.
പ്രാർത്ഥന ഒന്നുതന്നെയെങ്കിലും അതിനുപിന്നിലുള്ള പ്രേരകശക്തി മിക്കവാറും രണ്ടായിരിക്കാം. അതായത്, രോഗമുള്ള വ്യക്തിയുടെ പ്രചോദനം ആ രോഗംമൂലം അയാൾക്ക്‌ ഉണ്ടായ ബുദ്ധിമുട്ടുകൾ ആണെങ്കിൽ, ജീവിതപങ്കാളിയുടെ പ്രചോദനം ആ രോഗിമൂലം ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളും ആകുലതകളും ആയിരിക്കാം.
എത്രയൊക്കെ ശ്രമിച്ചാലും കെട്ടുപൊട്ടിച്ചു പുറത്തുവരുന്ന നമ്മിലെ സ്വാർത്ഥത നമ്മുടെ പ്രാർത്ഥനകളിലെല്ലാം ചെറുതായെങ്കിലും സ്വാധീനം ചെലുത്താറുണ്ട്.
അതുവഴി, ഒരു കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന രണ്ടുപേരുടെ ഉദ്ദേശങ്ങൾതമ്മിൽ യോജിപ്പില്ലാതെ പോകുന്നു.
ഇത്തരം അവസരങ്ങളിലാണ് മധ്യസ്ഥ പ്രാർത്ഥനകൾ എത്രമാത്രം വിലയേറിയ ഒന്നാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.
നിസ്വാർത്ഥതയിൽ അധിഷ്ടിതമാണ് മധ്യസ്ഥ പ്രാർത്ഥന; മധ്യസ്ഥ പ്രാർത്ഥന നടത്തുന്ന വ്യക്തി തന്റെ ഏതെങ്കിലും ആവശ്യം മുന്നിൽ കണ്ടുകൊണ്ടല്ല മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്.
തനിക്ക് വ്യക്തിപരമായി യാതൊരു പ്രയോജനവും ഇല്ലാത്ത മറ്റൊരാളുടെ നിയോഗത്തിനുവേണ്ടി ഒരാൾ പ്രാർത്ഥിക്കുന്പോൾ, പ്രാർത്ഥന ആവശ്യമുള്ള വ്യക്തിയുടെ അതേ ഉദ്ദേശത്തോടും ലക്ഷ്യത്തോടുംകൂടി പ്രാർത്ഥിക്കാൻ സാധിക്കും.
മധ്യസ്ഥ പ്രാർത്ഥന നടത്തുന്ന വ്യക്തി പ്രാർത്ഥിക്കുന്പോൾ തന്റെതന്നെ ആവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന മനോഭാവത്തോടെ വേണം പ്രാർത്ഥിക്കാൻ.
സ്വന്തം കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ സമയം തികയാറില്ല, പിന്നെങ്ങിനെ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കും എന്ന് സംശയിക്കുന്ന ഒട്ടനവധി ആൾക്കാരുണ്ട്.
ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചും ശക്തിയെക്കുറിച്ചുമൊക്കെ വ്യക്തമായ ബോധ്യമില്ലാത്തതുമൂലമാണ് ഇത്തരത്തിലുള്ള സംശയങ്ങൾ ഉടലെടുക്കുന്നത്.
നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കായി നമ്മൾ പ്രാർത്ഥിക്കുന്പോൾ അത് സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നതിനു തുല്യമാണ്.
ഒട്ടേറെ അധ്വാനത്തിനും കാത്തിരിപ്പിനുംശേഷം മാത്രമേ സ്വന്തം കൃഷിയിടത്തിൽനിന്നും നമുക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ.
എന്നാൽ, മധ്യസ്ഥ പ്രാർത്ഥന അന്യന്റെ കൃഷിയിടത്തിൽ അധ്വാനിക്കുന്നതിനു സമാനമാണ്. അന്യനുവേണ്ടി ജോലി ചെയ്യുന്ന ഒരാൾക്ക്‌ പ്രതിഫലം അതാതു ദിവസങ്ങളിൽത്തന്നെ ലഭിക്കുന്നു.
അന്യർക്കുവേണ്ടി നിസ്വാർത്ഥമായി പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയുടെ സേവനതല്പരതയും പരസ്നേഹവും കണ്ടില്ലെന്നു നടിക്കാൻ കരുണാമയനായ ദൈവത്തിനാവില്ല;
അവരുടെ ആവശ്യങ്ങൾ അവരുടെ മുൻപേ അറിയുന്ന ദൈവം എല്ലാം ക്രമീകരിച്ചുകൊണ്ട്‌ അവർക്കുമുന്പേ സഞ്ചരിക്കും.
സ്വാർത്ഥതയും വഞ്ചനയും നിറഞ്ഞ ഒരു ലോകത്തിൽ ദൈവസ്നേഹത്തിന്റെ കൈത്തിരിനാളം തെളിക്കുന്ന മധ്യസ്ഥ പ്രാർത്ഥന എന്ന കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
പാപികളായ ഞങ്ങൾക്കുവേണ്ടി കുരിശിൽകിടന്നും പ്രാർത്ഥിച്ച രക്ഷനായ യേശുവേ, അങ്ങയെ അറിയാത്തവർക്കുവേണ്ടിയും, അറിഞ്ഞിട്ടും അങ്ങേക്കായി ഹൃദയം തുറന്നുതരാത്തവർക്കു വേണ്ടിയും, അങ്ങയിൽ വിശ്വസിച്ച് അവിടുത്തെ കരുണക്കായി പ്രാർത്ഥിക്കുന്നവർക്കു വേണ്ടിയും നിസ്വാർത്ഥമായി പ്രാർത്ഥിക്കുവാനുള്ള കൃപ അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ എനിക്കും നൽകേണമേ. ആമ്മേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും