കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന .....പാര്‍ട്ട്‌ 1

യെഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല യേശു ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.
നമ്മുടെ പ്രാർത്ഥനയുടെ ഗുരുവും മാതൃകയുമായ കർത്താവായ യേശുക്രിസ്തുവിന്റെ അധരങ്ങളിൽനിന്നും വന്ന പ്രാർത്ഥന ആയതിനാൽ നമ്മള്‍ ഈ പ്രാര്‍ത്ഥനയെ കർതൃപ്രാർത്ഥന എന്നു വിളിക്കുന്നു.
. യാതൊരു വളച്ചുകെട്ടുമില്ലാതെ പുത്രസഹജമായ ആശ്രയബോധത്തോടും, സന്തോഷപൂർവകമായ ഉറപ്പോടും എളിമനിറഞ്ഞ ധീരതയോടും സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തോടെയും ഉരുവിടാവുന്ന ഒന്നാണ് കർതൃപ്രാർത്ഥന.
ഈ പ്രാർത്ഥനയിലൂടെയാണ് പുത്രനായ ദൈവം സ്വർഗ്ഗസ്ഥനായ ദൈവത്തെ "പിതാവേ" എന്നു വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത്.
സുവിശേഷത്തിലുടനീളം യേശു ദൈവത്തെ അഭിസംബോധന ചെയ്യുന്നത് "എന്റെ പിതാവ്" എന്നാണ്.
എന്നാൽ, കർതൃപ്രാർത്ഥനയിൽ "ഞങ്ങളുടെ പിതാവേ" എന്നു വിളിച്ചു പ്രാർത്ഥിക്കാൻ നമ്മെ അനുവദിക്കുകവഴി, മനുഷ്യനു ചിന്തിക്കാനോ മാലാഖാമാർക്കു എത്തിനോക്കാനോ കഴിയാത്ത ഒരു സൌഭാഗ്യത്തിലേക്കുള്ള വാതിൽ കര്‍ത്താവായ യേശു നമുക്കായി തുറന്നു തരികയാണ്.
മനുഷ്യനായിത്തീർന്ന പുത്രനിലൂടെ പിതാവായ ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി തരുന്ന ഈ പ്രാർത്ഥന ഏഴു സ്തുതിപ്പുകൾ അല്ലെങ്കിൽ യാചനകളിലൂടെ ആണ് ചുരുൾ നിവരുന്നത്‌.
1) അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
എന്നു പ്രാർത്ഥിക്കുന്നതിലൂടെ നമ്മൾ അർത്ഥമാക്കേണ്ടത്‌ ദൈവനാമം പരിശുദ്ധമായി അംഗീകരിച്ചു കൈകാര്യം ചെയ്യാനുള്ള കൃപ തരേണമേ എന്നാണ്.
ദൈവത്തിന്റെ പരിശുദ്ധി അവിടുത്തെ മഹത്വം തന്നെയാണ്. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം അവനെ മഹത്വംകൊണ്ട് കിരീടമണിയിച്ചിരുന്നു.
എന്നാൽ, പാപത്തിലൂടെ മനുഷ്യൻ "ദൈവത്തിന്റെ മഹത്വത്തിനു അർഹത ഇല്ലാത്തവനായി" (റോമാ 3:23).
ആദ്യത്തെ യാചനയിലൂടെ കര്‍ത്താവായ യേശു ആഗ്രഹിക്കുന്നത്, ദൈവത്തെ നമ്മുടെ ജീവിതം കൊണ്ട് മഹത്വപ്പെടുത്തി, നഷ്ടപ്പെട്ടുപോയ നമ്മിലെ മഹത്വം അല്ലെങ്കിൽ വിശുദ്ധി നമ്മൾ തിരികെ സ്വീകരിക്കണം എന്നാണ്.
"2) അങ്ങയുടെ രാജ്യം വരേണമേ"
ഈ യാചന പ്രധാനമായും ക്രിസ്തുവിന്റെ രണ്ടാം വരവിലൂടെയുള്ള ദൈവരാജ്യത്തിന്റെ അന്തിമ ആഗമനത്തെയാണ്‌ സൂചിപ്പിക്കുന്നത്. ദൈവരാജ്യം എന്നാൽ പരിശുദ്ധാത്മാവിലുള്ള നീതിയും സമാധാനവും സന്തോഷവുമാണ് (cf. റോമാ 14:17).
ഇതു നമ്മുടെ മധ്യേയുണ്ട്; എന്നാൽ, ക്രിസ്തുവിന്റെ രണ്ടാം വരവിൽ, ദൈവരാജ്യം സകല മഹത്വത്തോടും എന്നേക്കുമായി ഭൂമിയിൽ ആഗതമാകുന്നു.
അതുകൊണ്ടുതന്നെ, ശുദ്ധിയുള്ള ഒരു ആത്മാവിനു മാത്രമേ പ്രത്യാശയോടെ ദൈവരാജ്യം വരണമേ എന്നു പറയാൻ സാധിക്കുകയുള്ളൂ.
3) അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണമേ"
ദൈവത്തിന്റെ എല്ലാ പദ്ധതികളും സ്നേഹത്തിൽ അധിഷ്ടിതമാണ്; "എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിലേക്കുള്ള അറിവിലേക്ക് വരണമെന്നുമാണ്" (1 തിമോത്തി 2:3,4) പിതാവായ ദൈവത്തിന്റെ ഹിതം.
"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ" (യോഹന്നാൻ 13:34) എന്നതാണ് അവിടുത്തെ കല്പന. മൂന്നാമത്തെ ഈ സ്തുതിപ്പിലൂടെ നാം അപേക്ഷിക്കുന്നത്, സ്നേഹം നിറഞ്ഞ ദൈവീക പദ്ധതി സ്വർഗ്ഗത്തിൽ ഇപ്പോൾ തന്നെ ആയിരിക്കുന്നതുപോലെ ഭൂമിയിലും പൂർണ്ണമായി യാഥാർഥ്യമാക്കണമേ എന്നാണ്.
ദൈവതിരുമനസ്സിനു വിധേയപ്പെടുവാനുള്ള തീഷ്ണമായ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമാണ് ഈ യാചന.
"പിതാവേ...എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ " (ലൂക്കാ 22:42) എന്ന കര്‍ത്താവായ യേശുവിന്റെ തീവ്രവേദനയിൽ മുഴുകി തീഷ്ണമായുള്ള പ്രാർത്ഥനയാണ് ദൈവതിരുമനസ്സ് അനുസരിക്കുന്നതിൽ നമുക്ക് മാതൃകയാകേണ്ടത്.
ദൈവത്തെ പിതാവെന്നു അഭിസംബോധന ചെയ്തതിനുശേഷം ദൈവസ്പർശിയായ മൂന്നു സ്തുതിപ്പുകളിലൂടെ കര്‍ത്താവു നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു.
ഈ മൂന്നു യാചനകളിലും നാം നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു ഒന്നും പറയുന്നില്ല; ദൈവനാമ മഹത്വത്തിനുള്ള തീവ്രമായ ആഗ്രഹമാണ് ഇവയിലൂടെ വെളിപ്പെടുന്നത്.
വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെടാനും, പ്രത്യാശയാൽ നിറയപ്പെടാനും, സ്നേഹത്താൽ ജ്വലിക്കപ്പെടാനും ഈ യാചനകൾ അല്ലെങ്കിൽ സ്തുതിപ്പുകൾ നമ്മെ സഹായിക്കുന്നു.
ഈ യാചനകളിലൂടെ ദൈവഹിതം എന്തെന്നു വിവേചിച്ചറിയുന്നതിനും അത് നിറവേറ്റാൻ ആവശ്യമായ ക്ഷമ ആർജ്ജിക്കുന്നതിനുമായി നമുക്ക് പ്രാർത്ഥിക്കാം.
സ്നേഹപിതാവേ, പാപികളും അങ്ങയുടെ മഹത്വത്തിന് അയോഗ്യരുമായ ഞങ്ങൾക്ക് അങ്ങ് അങ്ങയുടെ പുത്രനിലൂടെ സ്വയം വെളിപ്പെടുത്തി തന്നതിനെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. പരിശുദ്ധനായ അങ്ങയിൽ വിശ്വസിച്ച്, അവിടുത്തെ രാജ്യത്തിൽ പ്രത്യാശ അർപ്പിച്ച്, സ്നേഹപൂർവം അങ്ങയുടെ കല്പനകൾ പാലിച്ച്, അങ്ങയെ മഹത്വപ്പെടുത്തുന്നവരാകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.
തുടരും

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും