"ഇതാ കർത്താവിന്റെ ദാസി"

മിശ്ശിഹാചരിത്രത്തിൽ മറിയത്തിനുള്ള സ്ഥാനം വലുതാണ്‌ -
രക്ഷകന്റെ മാതാവാകാൻ യുഗാരംഭം മുതൽ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയം.
ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല.
സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി,
"കന്യക ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശയ്യാ 7:14).
പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല;
കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ തേടി ഭൂമിയിലേക്കു വന്നു.
പാലസ്തീനായിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു യുവതിയുടെ "ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!" എന്ന വാക്കുകളിലൂടെ സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അതിർവരന്പുകൾ തുടച്ചുനീക്കപ്പെട്ടു;
വചനം മാംസമായി.
ദൈവഹിതത്തിനു പൂർണ്ണമായും കീഴ് വഴങ്ങി തന്റെ വിളി ഉൾക്കൊള്ളാൻ മറിയം തയ്യാറായപ്പോഴാണ് രക്ഷാകരപദ്ധതി ഭൂമിയിൽ പ്രാവർത്തികം ആകാൻ തുടങ്ങിയത്.
സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ഒരവശ്യ ഘടകമാണ്.
യേശുവിന്റെ അമ്മയെപ്പോലെതന്നെ നമോരോരുത്തരെയുംകുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, ആ അമ്മയെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?
ഈ ലോകത്തിൽ നാം ചെയ്യുന്നവയുടെ പ്രതിഫലനം നമ്മുടെ കണക്കു കൂട്ടലുകൾക്കും സങ്കല്പങ്ങൾക്കും അതീതമാണ്.
അതുകൊണ്ടുതന്നെ, നമ്മുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ ലോകത്തെ എപ്രകാരം ബാധിക്കുന്നു എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല.
അതിനാൽ, നാമോരോരുത്തരെയും പേരെടുത്തുവിളിച്ചു സൃഷ്ടിച്ച ദൈവം നമ്മിലൂടെ ലോകത്തിൽ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിയാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറുമില്ല.
"സകല തലമുറകളും ...ഭാഗ്യവതി" എന്നു യേശുവിന്റെ അമ്മയെ വിളിക്കുന്നത്‌ അവർ ദൈവഹിതത്തിനായി സ്വയം സമർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് എന്നു വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ, ദൈവഹിതത്തിനു അനുയോജ്യമായ ജീവിതം നയിക്കാൻ മടിക്കുന്നതുമൂലം എത്രമാത്രം വലിയ സൌഭാഗ്യങ്ങളാണ് നമ്മൾ നഷ്ടപ്പെടുത്തുന്നതെന്ന് നമുക്ക് മനസ്സിലാകുകയുള്ളൂ.
ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന വിളിയനുസരിച്ചു ജീവിക്കാൻ വിസമ്മതിക്കുന്നതുമൂലം സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല നമ്മൾ ചെയ്യുന്നത്, അത് പലപ്പോഴും ഒട്ടേറെ വേദനകളും അനർത്ഥങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. മാത്രവുമല്ല, നമ്മുടെ നിസ്സഹകരണംമൂലം നമ്മുടെയും ലോകം മുഴുവന്റെയും നന്മക്കായുള്ള ദൈവീകപദ്ധതികളിൽ ഭംഗം ഉണ്ടാകുകയും ചെയ്യുന്നു.
സ്നാനം സ്വീകരിച്ച ഏതൊരു വ്യക്തിക്കും തങ്ങളുടെ ജീവിതംകൊണ്ട് ദൈവത്തെ അന്വേഷിക്കുവാനുള്ള വിളിയുണ്ട്
വിശുദ്ധിയിലേക്കുള്ള ഒരു വിളിയാണത്.
മറ്റു മനുഷ്യരിൽ നിന്നും ലോകവസ്തുക്കളിൽനിന്നും അകന്നുമാറി സദാ പ്രാർത്ഥനയും ധ്യാനനിരതവുമായ ഒരു ജീവിതചര്യയിലൂടെ എല്ലാ മനുഷ്യരും വിശുദ്ധീകരിക്കപ്പെടണം എന്നതല്ല ദൈവത്തിന്റെ പദ്ധതി.
നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലൂടെതന്നെ നാം വിശുദ്ധീകരിക്കപ്പെടണം. "നമ്മുടെ സാധാരണ ജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം നമ്മെ വിളിക്കുന്നത്‌:
നമ്മൾ ദിവസേന കണ്ടുമുട്ടുന്നവരുടെ ദുഖങ്ങളിലും സന്തോഷങ്ങളിലും കൂടിയും, നമ്മോടൊപ്പം ദിവസം ചിലവഴിക്കുന്നവരുടെ പ്രതിപത്തികളിൽ കൂടിയും, നമ്മുടെ കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളിൽ കൂടിയും എല്ലാം ദൈവത്തിന്റെ ഈ വിളി ദിവസേന നമ്മുടെ മുന്പിൽ എത്തുന്നുണ്ട്".
ദൈവം നമുക്ക് പകർന്നു തരുന്ന കൃപകൾ സ്വീകരിച്ച്, അത് നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നവർക്കു പകർന്നു നൽകുന്പോഴാണ് നമ്മൾ ദൈവവിളി അനുസരിച്ച് ജീവിക്കുന്നവരാകുന്നത്.
"ഇതാ കർത്താവിന്റെ ദാസി" എന്ന വാക്കുകളിലൂടെ ദൈവവിളി സ്വീകരിച്ച യേശുവിന്റെ അമ്മ അതിനു മുന്നോടിയായി യാതൊരുവിധ നിബന്ധനകളും ദൈവത്തിനുമുന്നിൽ വയ്ക്കുന്നില്ല.
നമുക്കുള്ള ദൈവവിളി തിരിച്ചറിയുന്പോൾ നമ്മൾ പലപ്പോഴും ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണ് നിബന്ധനകളുടെ അടിസ്ഥാനത്തിലുള്ള ദൈവവിളി സ്വീകരണം.
'ദൈവമേ, അങ്ങെനിക്ക് ഇതും ഇതും തന്നാൽ, ഞാൻ ഇനിമുതൽ അങ്ങു പറയുന്നതുപോലെ ജീവിച്ചുകൊള്ളാം' എന്ന് യേശുവിന്റെ അമ്മ പറഞ്ഞില്ല;
വിവാഹിതയാകാത്ത സ്ത്രീ ഗർഭം ധരിച്ചാൽ കല്ലെറിഞ്ഞു കൊല്ലുന്ന സംസ്കാരത്തെ അവൾ ഭയന്നില്ല;
ജോസഫിന്റെയോ മാതാപിതാക്കളുടെയോ പ്രതികരണത്തെക്കുറിച്ചുള്ള ചിന്ത അവളെ പിന്തിരിപ്പിച്ചില്ല.
"നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ" എന്ന വാക്കുകളിലൂടെ അസാദ്ധ്യമായി ഒന്നും ഇല്ലാത്ത ദൈവത്തിന്റെ വിളിക്ക് മറിയം തന്നെത്തന്നെ സമർപ്പിച്ചു.
ഈ ആഗമനകാലത്ത് ആ അമ്മയെപ്പോലെ നമുക്കും ദൈവ വിളിക്ക് കാതോർക്കുന്നവരാകാം. നമ്മുടെ അനുദിനജീവിതത്തിലെ പ്രവൃത്തികളിലൂടെ ആ വിളിക്ക് പ്രത്യുത്തരം നൽകുന്നവരാകാം.
വിശുദ്ധിയിലേക്കുള്ള വിളി സ്വീകരിച്ചു ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുന്നവരാകാം.
സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ അങ്ങ് ധാരാളമായി ഞങ്ങളിലേക്ക് ചൊരിയുന്ന കൃപകളെയും കരുണയെയും പ്രതി ഞാൻ അങ്ങയോടു നന്ദി പറയുന്നു. യേശുവിന്റെ അമ്മയെപ്പോലെ ആ കൃപകളും ദാനങ്ങളും ഹൃദയത്തിൽ സ്വീകരിച്ച്, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ അങ്ങയിൽ മാത്രം പ്രത്യാശവച്ച്, അങ്ങയുടെ പദ്ധതിയുടെ നടത്തിപ്പുകാരനാകാൻ എന്നെ ശക്തിപ്പെടുതണമേ. ആമ്മേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും