"പാപത്തില്‍ നിന്ന് ഓടി അകലുക ..ദുരാത്മാക്കളിൽനിന്നും മോചനം നേടുക"

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് പോലും പലപ്പോഴും പിശാച് എന്ന് കേട്ടാൽ തമാശയാണ്, അങ്ങിനെ ഒന്നില്ല എന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും താൽപര്യം.
എന്നാൽ, ദൈവവചനം പിശാചിനെക്കുറിച്ചും പൈശാചിക ശക്തികളെക്കുറിച്ചും വളരെ വ്യക്തമായ അവബോധം നമുക്ക് നൽകുന്നുണ്ട്. യേശു ക്രിസ്തു തന്നെ നിരവധി തവണ പിശാചിന്റെ പേരെടുത്തു പറഞ്ഞ്, അവനെതിരായുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് പിശാചും അവന്റെ കൂട്ടാളികളായ മറ്റ് അശുദ്ധാത്മാക്കളും വെറും സങ്കൽപം മാത്രമാണെന്ന ധാരണ.
നമ്മുടെ ലൌകീക തൃഷ്ണകളെ പ്രീതിപ്പെടുത്തുന്നതിനായി നമ്മെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വിവിധ അശുദ്ധാത്മാക്കളാണ്.
മറ്റുള്ളവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കാൻ സ്വതവേ മടികാട്ടുന്നത് മനുഷ്യസ്വഭാവത്തിന്റെ ഒരു ഭാഗമാണ്, പ്രവർത്തിക്കുന്നത് പാപമാണെങ്കിൽപോലും. ഇതറിയാവുന്ന ദുരാത്മാക്കൾ അവരെക്കുറിച്ചോ അവർ നല്കുന്ന ദുഷ്ടപ്രേരണകളെക്കുറിച്ചോ മനുഷ്യർക്ക്‌ ഒരിക്കലും സ്വയം വെളിപ്പെടുത്തുന്നില്ല.
നമ്മുടെ പാപങ്ങളിലൂടെ നമ്മുടെ ആത്മാവിൽ ഇടം കണ്ടെത്തുന്ന അവർ ക്രമേണ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നു.
വിവിധ രോഗങ്ങളിലൂടെയും ദുസ്വഭാവങ്ങളിലൂടെയും ആസക്തികളിലൂടെയും ഒക്കെ നമ്മിൽ പ്രവർത്തിക്കുന്ന അവയെ തിരിച്ചറിയാനും അവയിൽനിന്നും രക്ഷനേടാനും പരിശുദ്ധാത്മാവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
ഈ വചനഭാഗത്തിൽകര്‍ത്താവായ യേശു ചൂണ്ടിക്കാട്ടുന്നത് അശുദ്ധാത്മാക്കൾ വിട്ടുപോയ ഒരു വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് ആണ്.
വെള്ളമില്ലാത്തതും ജീവനില്ലാത്തതുമായ വരണ്ട സ്ഥലങ്ങളിൽ അലഞ്ഞുനടക്കുന്ന അശുദ്ധാത്മാവിന് വേണ്ടത് ആശ്വാസമാണ്.
അശുദ്ധാത്മാക്കൾക്ക് ഒരിക്കലും ആശ്വസിക്കാൻ കഴിയുന്നില്ല; അസ്വസ്ഥചിത്തതയോടെ സദാ വെറിപിടിച്ചു പാഞ്ഞുനടക്കുന്നവരാണ് അവർ, ശാന്തതക്കായി വിശ്രമമില്ലാതെ നെട്ടോട്ടമോടുന്ന വിരോധാഭാസത്തിന് ഉടമകളാണ് അവർ.
പലപ്പോഴും നമ്മുടെ അവസ്ഥയും ഇതിൽനിന്നും ഭിന്നമല്ല. ജീവിതത്തിൽ ശാന്തിയും സുരക്ഷിതത്വവും സമാധാനവുമൊക്കെ വേണമെന്ന ആഗ്രഹംമൂലം സദാ ആകുലരാകുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്.
സന്തോഷം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ മനസമാധാനം ബലികൊടുക്കുന്ന നമുക്ക് പലപ്പോഴും വളരെ വൈകി മാത്രം മനസ്സിലാകുന്ന ഒന്നാണ്, സമാധാനവും സന്തോഷവുമൊക്കെ നമ്മൾ അന്വേഷിച്ചു കണ്ടെത്തുകയല്ല, അവ നമ്മെയാണ് കണ്ടെത്തുക എന്ന വസ്തുത.
ദൈവമൊരാൾ മാത്രമാണ് എല്ലാ ആശ്വാസത്തിന്റെയും ഉറവിടം. അശുദ്ധാത്മാക്കൾ ഒരിക്കലും ദൈവസന്നിധിയിൽ എത്തപ്പെടുന്നില്ല, അതിനാൽ അവർക്ക് ഒരിക്കലും സമാധാനം ലഭിക്കുന്നില്ല.
അശുദ്ധാത്മാക്കളുടെ സ്വാധീനത്തിലകപ്പെട്ടു സന്തോഷം തേടി പാപങ്ങളിൽനിന്നും പാപങ്ങളിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യന്റെ സ്ഥിതി പക്ഷേ അതല്ല. ഏതുസമയവും നമുക്ക് രക്ഷകനായ യേശുവിലൂടെ ദൈവസന്നിധിയിൽ ശരണം തേടാൻ സാധിക്കും. ദൈവത്തിൽനിന്നു ദാനമായി സമാധാനവും സന്തോഷവും സ്വീകരിക്കുവാനും ആകും.
പലപ്പോഴും ജീവിതത്തിൽനിന്നു തിന്മയുടെ സ്വാധീനങ്ങളും ദുശീലങ്ങളും പറിച്ചുമാറ്റുന്നതിൽ മാത്രമാണ് നമ്മൾ ശ്രദ്ധ വയ്ക്കുന്നത്.
എന്നാൽ ആസക്തികളും ബലഹീനതകളും ഒഴിഞ്ഞുപോകുന്പോൾ നമ്മുടെ മനസ്സിൽ വല്ലാത്ത ഒരു ശൂന്യതയും സാധാരണയായി അനുഭവപ്പെടാറുണ്ട്. നഷ്ടബോധത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ ശൂന്യതയാണ് പലരെയും ഉപേക്ഷിച്ച ദുശീലങ്ങൾ പുനരാരംഭിക്കുവാൻ പ്രേരിപ്പിക്കുന്നത്.
നമ്മെ വിട്ടുപോയ ദുരാത്മാവ്‌ നമ്മിലേക്ക്‌ തിരികെ വരാൻ അവസരം പാർത്തിരിക്കുകയാണ്.
ദുഷ്പ്രേരണകൾക്ക് അടിപ്പെട്ട് വീണ്ടും പാപത്തിന്റെ വഴിയിലേക്ക് തിരിഞ്ഞാൽ പൂർവാധികം ശക്തിയോടെ ദുരാത്മാക്കൾ നമ്മെ ആക്രമിക്കും.
മനുഷ്യമനസ്സിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു മനുഷ്യരായ നമുക്കറിയില്ല. അതുകൊണ്ടുതന്നെ നമ്മുടെ അറിവിൽ ഈ ലോകത്ത് ലഭ്യമായ ഒന്നും ഉപയോഗിച്ച് മനസ്സിന്റെ ശൂന്യത അകറ്റാനോ തൃപ്തിപ്പെടുത്താനോ നമുക്കാവില്ല.
അതിരുകളില്ലാത്ത ദൈവസ്നേഹത്തിനു മാത്രമേ മനസ്സിന്റെ ശൂന്യത അകറ്റി നമുക്ക് സന്തോഷവും സമാധാനവും നൽകുവാൻ സാധിക്കുകയുള്ളൂ.
നല്ലതും പരിപൂർണ്ണവും സത്യവും ജീവദായകവുമായ ദൈവാത്മാവിനാൽ നമ്മുടെ മനസ്സിനെയും ആത്മാവിനെയും നിറച്ച് എല്ലാ ദുഷ്ടാരൂപികളുടെ പ്രലോഭനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും കാത്തുപരിപാലിക്കണമേ എന്ന് കാരുണ്യവാനായ ദൈവത്തോട്, പുത്രനായ യേശുക്രിസ്തു വഴി നമുക്ക് പ്രാർത്ഥിക്കാം.
എന്റെ ആത്മാവിന്റെ അധിപനും ഭവനത്തിന്റെ നാഥനും ആയ കര്‍ത്താവായ യേശുവേ എന്നെ രോഗങ്ങളിലും പാപങ്ങളിലും ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ ദുരാത്മാക്കളിൽനിന്നും എന്നെ മോചിപ്പിക്കണമേ. അവിടുത്തെ തിരുരക്തത്താൽ കഴുകി, ദൈവസ്നേഹത്തിന്റെ കതിരുകൾ പരിശുദ്ധാത്മാവിലൂടെ എന്നിൽ നിറയ്ക്കേണമേ. ആമ്മേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും