"വിളിക്കപ്പെട്ടവര്‍ അനേകര്‍ തിരെഞ്ഞെടുക്ക പ്പെട്ടവരോ ചുരുക്കം "

യേശുവിന്റെ പ്രശസ്തമായ വിവാഹ വിരുന്നിന്റെ ഉപമ.
ഈ ഉപമക്ക് രണ്ടു ഭാഗങ്ങള്‍ .
ആദ്യഭാഗത്തിൽ നമ്മൾ കാണുന്നത് വിവാഹത്തിന് മുൻകൂട്ടി ക്ഷണിക്കപ്പെട്ടവരെയാണ്.
സ്വർഗ്ഗരാജ്യത്തിൽ നടക്കുന്ന വിരുന്നിലേക്ക് നേരത്തെതന്നെ ക്ഷണിക്കപ്പെട്ടിരുന്നവരാണ് യഹൂദജനം,
അബ്രാഹത്തിലൂടെ തന്റെ തിരഞ്ഞെടുക്കപെട്ടവരായി ദൈവം പേരുവിളിച്ചു മാറ്റി നിർത്തിയ ജനമായിരുന്നു യഹൂദർ.
എന്നാൽ, രക്ഷയുടെ പൂർത്തീകരണമായി യേശു ഭൂമിയിലേക്ക്‌ വന്നപ്പോൾ അവിടുത്തെ അംഗീകരിക്കാൻ അവർ വിസമ്മതിച്ചു.
യേശുവിന്റെ ആഗമനത്തിനു മുന്നോടിയായി ദൈവം അയച്ച പ്രവാചകന്മാരെ അവർ അവമാനിച്ചു, ചിലരെ കൊന്നുകളഞ്ഞു.
അതിനാൽ ആദികാലം മുതൽ ദൈവം തന്റെ ജനത്തിനായി ഒരുക്കിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു.
രണ്ടാമത്തെ ഭാഗത്തിൽ ദൈവം തന്റെ ഭ്രുത്യരെ അയച്ച് ലോകത്തുള്ള എല്ലാവരെയും സ്വര്ഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്.
ദുഷ്ടനെന്നോ ശിഷ്ടനെന്നോ ഭേദമില്ലാതെ എല്ലാവരെയും വിരുന്നിനു വിളിക്കുന്നത്‌വഴി ദൈവത്തിന്റെ രക്ഷയ്ക്ക് ലോകം മുഴുവനിലുമുള്ള ജനതതി യോഗ്യരായി.
ഇന്നത്തെ ലോകത്തിൽ നാമോരോരുത്തരെയും സ്വർഗ്ഗീയ സൌഭാഗ്യങ്ങൾക്ക്‌ അർഹരാക്കുന്നതു ദൈവം തന്റെ പുത്രനായ ക്രിസ്തു വഴി നമുക്ക് പ്രദാനം ചെയ്യുന്ന ഈ ക്ഷണമാണ്.
പാപിയെന്നോ നീതിമാനെന്നോ, യഹൂദനെന്നോ വിജാതീയനെന്നോ ഭേദമില്ലാതെ നമുക്കെല്ലാവർക്കും ഇന്ന് രക്ഷകനായ യേശുവിലൂടെ സ്വർഗ്ഗരാജ്യത്തെ സമീപിക്കാൻ സാധിക്കുന്നു.
എന്നാൽ, "വിളിക്കപ്പെട്ടവരോ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം" എന്നൊരു താക്കീതും യേശു നമുക്കായി നല്കുന്നുണ്ട്.
നാമെല്ലാവരും ഇന്ന് സ്വർഗ്ഗീയവിരുന്നിനുള്ള ക്ഷണം സ്വീകരിക്കുന്നത് സ്നാനം മൂലം ക്രിസ്തുവിന്റെ ശരീരമായ സഭയിൽ അംഗങ്ങളായാണ്.
പക്ഷേ, സ്നാനതിലൂടെ ഒരു ക്രിസ്ത്യാനി ആകുന്നതുകൊണ്ടുമാത്രം ഒരാൾ സ്വർഗ്ഗത്തിന് അർഹത നേടുന്നില്ല.
വിശുദ്ധിയോടുകൂടിയുള്ള ഒരു ജീവിതം നയിക്കാനാവാത്ത ക്രിസ്ത്യാനി വിവാഹവസ്ത്രം ധരിക്കാത്ത അതിഥിക്ക് സമാനനാണ്.
വിരുന്നിനു ക്ഷണിക്കപ്പെടുന്പോൾ ഒരു പാപിയായിരുന്നെങ്കിൽകൂടിയും, ആ ക്ഷണം സ്വീകരിക്കുന്നതുവഴിയായി നമ്മെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമ്മെത്തന്നെ തുറന്നു കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ കൃപകൾ ദാനമായി നമ്മിലേക്ക്‌ വർഷിക്കുന്നുണ്ട്.
ദാനമാണെങ്കിലും ഈ കൃപകൾ തീർച്ചയായും വലിയൊരു ഉത്തരവാദിത്തം കൂടിയാണ്.
ഈ കൃപകളിലൂടെ ദൈവം പകർന്നു തരുന്ന പ്രചോദനങ്ങളനുസരിച്ചു ജീവിക്കാനുള്ള ബാധ്യത ഓരോ ക്രിസ്തുശിഷ്യനും ഉണ്ട്.
ദൈവകൃപയെ വിലകുറച്ചുകാട്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
ഒരു ക്രിസ്ത്യാനി ആയി എന്നതുകൊണ്ടുമാത്രം നിത്യരക്ഷ ഉറപ്പായി എന്നു കരുതി ജീവിക്കുന്ന ഒട്ടേറെ ആൾക്കാർ നമ്മുടെ ഇടയിലുണ്ട്.
നാമെന്തൊക്കെ തെറ്റ് ചെയ്താലും ദൈവം അത് കാര്യമാക്കുകയില്ലെന്നും, ഇനി അതല്ലെങ്കിൽ, കുറേ തെറ്റുകൾ ചെയ്തിട്ട് പോയി ഒന്ന് അനുതപിച്ചാല്‍ എല്ലാം ശരിയായിക്കൊള്ളുമെന്നും എന്ന് വിശ്വസിക്കുകയും, ആ വിശ്വാസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്.
ഇവിടെയെല്ലാം നാമോർക്കേണ്ടത് നമ്മുടെ യാതൊരുവിധ യോഗ്യതകളുമല്ല നമ്മെ ഈ സ്വർഗ്ഗീയവിരുന്നിനു അർഹരാക്കിയത് എന്നതാണ്.
ക്ഷണിക്കപ്പെടാത്തവരായിരുന്ന നമ്മെ ഈ വിരുന്നുശാലയിലേക്ക് കൊണ്ടുവന്നത് ദൈവത്തിന്റെ കരുണ ഒന്നുമാത്രമാണ്.
കരുണാമയനായ ദൈവം തുറന്നുതന്ന വിരുന്നുശാലയിലെ നിയമങ്ങൾ പാലിക്കാനാകാത്തവരെ, അവിടുത്തെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി പ്രതികരിക്കാനാകാത്തവരെ, കൈകാലുകൾകെട്ടി അന്ധകാരത്തിലേക്ക് വലിച്ചെറിയാൻ തക്കവിധം നീതിയുടെ ഒരു മുഖം കൂടി ദൈവത്തിനുണ്ടെന്നു നാമൊരിക്കലും മറക്കരുത്.
വെളിപാട്‌ പുസ്തകത്തില്‍ കുഞ്ഞാടിന്റെ കല്യാണത്തെ കുറിച്ച് വിവരിച്ചിരിക്കുന്നു.(വെളിപാട്‌ 19;7,8,9)
മഹാ ഉപദ്രവം തീര്‍ന്നു ,ബാബിലോണ്‍ ന്യായം വിധിക്കപ്പെട്ടു ഇതാ കുഞ്ഞാടിന്റെ കല്യാണം വന്നെത്തിയിരിക്കുന്നു .കര്‍ത്താവിന്റെ സഭയാകുന്ന മണവാട്ടി തയാറായി കഴിഞ്ഞു .
വിശുദ്ധന്‍ മാരുടെ നീതി പ്രവര്‍ത്തികള്‍ ആകുന്ന ശുഭ്രവും ശുദ്ധവും ആയ വിശേഷ വസ്ത്രം കൊണ്ട് സഭ തന്നെത്താന്‍ അലങ്കരിച്ചിരിക്കുന്നു .
കുഞ്ഞാടിന്റെ കല്യാണത്തിന് ആശിര്‍വാദം എഴുതുവാന്‍ യോഹന്നനോട് ആവശ്യ പ്പെട്ടതിന്‍ പ്രകാരം അവന്‍ എഴുതി .
"കുഞ്ഞാടിന്റെ കല്യാണ സദ്യക്ക് ക്ഷണിക്ക പ്പെട്ടവര്‍ ഭാഗ്യവാന്‍ മാര്‍ "
"ഇതു ദൈവത്തിന്റെ സത്യവചനം "
ഓര്മ്മിക്കുക ആ ഭാഗ്യം നമുക്ക് കൈവന്നിരിക്കുന്നു .
നാം ഭാഗ്യവാന്‍ മാര്‍ ആണ് .
എന്നാല്‍
ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. (വെളിപ്പാടു 22:14).
നമുക്ക് പ്രാര്‍ത്ഥിക്കാം
പിതാവായ ദൈവമേ, അർഹതയില്ലാത്ത ഞങ്ങൾക്ക് അങ്ങയുടെ പുത്രന്റെ വിരുന്നിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം നൽകിയത് അവിടുന്നാണ്. അവിടുത്തെ ക്ഷണം സ്വീകരിച്ച്, അങ്ങയുടെ കല്പനകൾ പാലിച്ച് അങ്ങയുടെ പുത്രന്റെ പ്രബോധനങ്ങൾ അനുസരിച്ച് ജീവിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നല്കേണമേ.
ആമ്മേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും