ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിവാഹ ജീവിതം...

                                                   
സത്യത്തിനായി ദാഹിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ യേശുവിന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനം തേടിയെത്തുന്ന കാഴ്ചയാണ് ഒരിക്കൽക്കൂടി ഈ വചനഭാഗത്തിൽ കാണുന്നത്.
അതിനിടയിലും പരീശര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങളുമായി യേശുവിനെ പരീക്ഷിക്കാൻ എത്തുന്നുണ്ട്.
യേശുവിനെ വാക്കുകൊണ്ട് കുടുക്കിലാക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ എങ്ങിനെയാണ് എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന പ്രബോധനങ്ങളാക്കി യേശു മാറ്റുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്സു ഈ വി സുവിശേഷ ഭാഗം.
ക്രിസ്തീയ പ്രബോധനങ്ങൾ ലോകത്തിനു മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പിന്തുടരേണ്ട ഒരു മാതൃകയാണിത്.
നമ്മുടെ വാക്കുകൾ വളച്ചൊടിച്ച് നമ്മിൽ കുറ്റം ആരോപിക്കാൻ ആഗ്രഹിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ആത്മസംയമനം നഷ്ടപ്പെടാതെ പ്രതികരിക്കാൻ നമുക്കാവണം.
ലോകത്തിൽ ഇന്നേറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹം. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സ്നേഹത്തിന്റെ ഒരു ഉടന്പടിയായി വിവാഹത്തെ കാണുന്ന സമൂഹങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
സൊന്തം സുഖം അന്വേഷിച്ചു പോകുന്ന തലമുറ.
അപ്പനും അമ്മയും മക്കളും അടങ്ങിയതാണ് ഒരു കുടുംബം എന്ന ആശയത്തിനും വിള്ളൽ സംഭവിച്ചിരിക്കുന്നു.
കുടുംബജീവിതത്തിൽ കെട്ടുറപ്പുള്ള വിവാഹബന്ധത്തിന്റെ സ്ഥാനത്തെക്കുറിച്ച് ക്രൈസ്തവർക്കുള്ള എല്ലാ സംശയങ്ങളെയും ദൂരീകരിക്കുന്നതാണ് ഈ വചനഭാഗം.
വിവാഹം എന്നാൽ കേവലം രണ്ടു വ്യക്തികൾ തമ്മിൽ ഏർപ്പെടുന്ന ഒരു കരാറല്ല, അത് മനുഷ്യനെക്കുറിച്ചുള്ള ദൈവീകപദ്ധതിയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
പുരുഷൻ സ്ത്രീക്കുവേണ്ടിയും സ്ത്രീ പുരുഷനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടതെന്നു വി. ഗ്രന്ഥം ഉറപ്പിച്ചുപറയുന്നു.
പുരുഷനോടു തുല്യം നിൽക്കുന്നവളും എല്ലാറ്റിലും അവനോട് അടുത്തു നിൽക്കുന്നവളും ആയ സ്ത്രീയെ പുരുഷനു കൂട്ടായി നൽകിയതുവഴിയാണ് ദൈവം ഭൂമിയിൽ മാനുഷികബന്ധങ്ങൾക്ക് അടിസ്ഥാനമിട്ടത്.
അതിനാൽ, സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിൽനിന്നും ഒരിക്കലും നമുക്ക് ദൈവത്തെ എടുത്തുമാറ്റാനാവില്ല.
അതുപോലെതന്നെ, സ്ത്രീപുരുഷബന്ധത്തിന്റെ അടിസ്ഥാനമില്ലാത്ത കുടുംബബന്ധങ്ങളൊന്നും ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള മാനുഷിക ബന്ധങ്ങളും ആകുന്നില്ല.
വിവാഹജീവിതത്തിലെ പ്രശനങ്ങൾക്ക് കാരണമായി നമ്മൾ പലപ്പോഴും സാഹചര്യങ്ങളെയും വ്യക്തിഗത സ്വഭാവങ്ങളെയും ചൂണ്ടിക്കാട്ടാറുണ്ട്.
എന്നാൽ, ദൈവം കൂട്ടിയോജിപ്പിച്ച സ്ത്രീപുരുഷ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നത് മനുഷ്യരിലെ പാപമാണ്.
ആദ്യമായി പാപം ചെയ്തതിനുശേഷം പരസ്പരം കുറ്റപ്പെടുത്തലുകൾക്ക് മുതിരുന്ന ആദവും ഹവയും, പാപങ്ങൾ സ്ത്രീപുരുഷബന്ധത്തെ എങ്ങിനെയാണ് വികലമാക്കുന്നത് എന്ന് വ്യക്തമാക്കിതരുന്നുണ്ട്.
പാപം മനുഷ്യനെ ദൈവത്തിൽനിന്നും സഹജീവികളിൽനിന്നും അകറ്റിയപ്പോൾ, സന്താനപുഷ്ടിയുള്ളവരായി പെരുകുവാനും ഭൂമിയെ കീഴടക്കുവാനും സ്ത്രീക്കും പുരുഷനും ലഭിച്ച മനോഹരമായ വിളി പ്രസവവേദനയാലും അദ്ധ്വാനക്ലേശത്താലും ഭാരമുള്ളതായിത്തീർന്നു.
സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹികബന്ധം അവിഭാജ്യമാണ് എന്നു പഠിപ്പിക്കുക വഴി, പാപത്തിന്റെ വിനാശകരമായ ഫലങ്ങളെ പരിമിതപ്പെടുത്തി, ദൃഡമായ ഒരു വിവാഹജീവിതം നയിക്കുന്നതിന് ആവശ്യമായ കൃപകൾ ദൈവം പ്രദാനം ചെയ്യുന്നുണ്ട് എന്നും യേശു അർത്ഥമാക്കുന്നുണ്ട്.
തന്നിൽത്തന്നെ ലയിച്ചിരിക്കാനുള്ള വാസനയും സ്വാർത്ഥചിന്തയും സ്വന്തം സുഖം തേടാനുള്ള ആസക്തിയും തരണംചെയ്ത്, അപരനുവേണ്ടി സ്വയം തുറന്നുകൊടുക്കുവാനും പരസ്പരം സഹായിക്കുവാനും സ്വയം ദാനം ചെയ്യുവാനും വിവാഹം നമ്മെ സഹായിക്കുന്നു.
വികാരങ്ങളിൽ അധിഷ്ഠിതമായ മാനുഷികസ്നേഹത്തെ വിവാഹമെന്ന ദൈവീക പദ്ധതിയിലൂടെ ദൈവം വിശുദ്ധമായ ദൈവീകസ്നേഹത്തിന്റെ പരിവേഷം അണിയിക്കുന്നു. ഇതുകൊണ്ടുതന്നെയാണ്, വിവാഹത്തെ കേവലം സാമൂഹികമോ നിയമപരമോ ആയ ഒരു ക്രമീകരണം മാത്രമായി കാണാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത്.
ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒരു നവജീവിതമാണ് വിവാഹം നമ്മുടെ മുന്പാകെ തുറക്കുന്നത്; അത് ദമ്പതികളെ പവിത്രീകരിക്കുകയും അവരിലൂടെ സംജാതമാകുന്ന കുടുംബത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു.
മാനുഷിക വികാരങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപരിയായ ഒരു ദൈവീക പദ്ധതിയായി, വിവാഹത്തെ കാണാൻ കഴിയാതെ പോകുന്പോഴാണ് വിരസതയും തർക്കങ്ങളും പരാതികളുമെല്ലാം നമ്മുടെ വിവാഹജീവിതത്തിലേക്ക് കടന്നുവരുന്നത്‌.
വളർന്നുവരുന്ന തലമുറ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നത് അവരുടെ കുടുംബത്തിൽ നിന്നു തന്നെയാണ്.
മാതാപിതാക്കളുടെ പരസ്പരസ്നേഹവും സഹവർത്തിത്വവുമാണ് കുട്ടികളെ വിവാഹജീവിതത്തിനു പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു ഓര്‍മിക്കുക (മാര്‍കോസ് 10:9)
അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. (മാര്‍കോസ് 10:7,8)
ഭാര്യയോട്‌ പറ്റി ചേരും എന്നാണ്...ഭാര്യ മാരോട് അല്ല.
അവര്‍ ഒരു ദേഹമായി തീരും..
തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.
ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു (മലാഖി 2:15,16).
ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിവാഹജീവിതത്തിലൂടെ ദൈവമഹത്വത്തിനു സാക്ഷ്യം വഹിക്കുന്ന കുടുംബങ്ങൾ നമ്മുടെ സമൂഹങ്ങളിൽ സമൃദ്ധമാകുന്നതിനായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, മാനുഷികബന്ധങ്ങളെ പവിത്രീകരിച്ച്‌ വിശുദ്ധിയിലേക്കുള്ള വിളിയാക്കി മാറ്റിയതിനെപ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.
മോഹങ്ങളും ആസക്തികളും കൊണ്ട് വിരൂപമായ വൈവാഹികബന്ധങ്ങളെ, വിശുദ്ധിയും വിശ്വസ്തതയും നൽകി പരിശുദ്ധമാക്കണമേ.
കുടുംബജീവിതത്തിലെ പ്രതിസന്ധികളെ ശാന്തമായി നേരിടുന്നതിനും, സമൃദ്ധിയിൽ സംയമനം പാലിക്കുന്നതിനും, പരസ്പരം സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും സഹായിക്കുന്നതിനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും