"കളകള്‍ കത്തിക്കുന്ന കാലം വരുന്നു "
സമൂഹത്തിൽ തിന്മ അഴിഞ്ഞാടുന്പോഴും, കള്ളത്തരം പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുന്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അനുവദിച്ചു കൊടുക്കുന്നത് എന്ന്? അല്ലെ?.
ലോകം ശരിയെന്നു മുദ്രകുത്തി അനുവദിച്ചുതരുന്ന ഒട്ടേറെ കാര്യങ്ങൾ, അത് ദൈവഹിതത്തിനു യോജിച്ചതല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം എടുക്കാൻ ദൈവമക്കൾ നിർബന്ധിതരാകാറുണ്ട്.
അതിനാൽത്തന്നെ ദൈവകല്പനകൾ പാലിച്ച്, ദൈവത്തിന്റെതായി ജീവിക്കുക എന്നുവച്ചാൽ പലപ്പോഴും ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇങ്ങനെയുള്ളവരുടെ സംശയങ്ങളെയെല്ലാം ദൂരീകരിച്ചുകൊണ്ട് യേശു ഈ ഉപമയിലൂടെ ദൈവത്തിന്റെ ക്ഷമ ഒരിക്കൽക്കൂടി നമുക്ക് വെളിപ്പെടുത്തി തരുകയാണ്.
ദൈവം സർവനന്മകളും തികഞ്ഞ, നല്ല ഫലം പുറപ്പെടുവിക്കുന്ന ഗോതന്പുചെടികളായാണ് ലോകത്തെ സൃഷ്ടിച്ചത്.
എന്നാൽ പിശാചു തന്റെ കുതന്ത്രങ്ങളുപയോഗിച്ചു നമ്മുടെ ഇടയിൽ കളവചനം വിതച്ചു.
അങ്ങിനെ ആദ്യമായി ആദവും ഹവ്വയും പാപത്തിനടിമയായി.
ഇവിടെ ദൈവത്തിനു വേണമെങ്കിൽ ഒരു കാര്യം ചെയ്യാമായിരുന്നു: ആദത്തെയും ഹവ്വയെയും നശിപ്പിച്ചിട്ട്, മനുഷ്യനെ വീണ്ടും സൃഷ്ടിക്കാമായിരുന്നു.
അതിനു ദൈവം മുതിരാതിരുന്നതിൽനിന്നും നമുക്ക് ഒരു കാര്യം ഉറപ്പിക്കാം, ദൈവം സൃഷ്ടിച്ച ഒന്നിനെയും നശിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല.
പിശാചിനെയും തന്നോട് അനുസരണക്കേട് കാട്ടിയ മറ്റു മാലാഖാമാരെയും നശിപ്പിക്കുകയല്ല, മറിച്ചു അവരുടെ ഇഷ്ടമനുസരിച്ച് ദൈവത്തിന്റെ സാന്നിധ്യം ഇല്ലാത്ത ഒരു സ്ഥലം നിർമ്മിച്ച് അവരെ അങ്ങോട്ടയക്കുകയാണ് ദൈവം ചെയ്തത്.
വ്യവസ്തകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത്. അതുകൊണ്ടുതന്നെ, നാമാരും തന്നെ സ്നേഹിക്കണമെന്നു ദൈവം നിർബ്ബന്ധം പിടിക്കുന്നുമില്ല.
പാപം ചെയ്ത് കളകളുടെ കൂട്ടത്തിൽ ഒരു വ്യക്തി അകപ്പെടുന്പോൾ, അയാളെ ഉടനെതന്നെ ശിക്ഷിക്കുകയോ, പിഴുതെറിയുകയോ അല്ല ദൈവം ചെയ്യുന്നത്.
അങ്ങനെയുള്ളവരെയും നല്ലവർക്കൊപ്പം തന്റെ സംരക്ഷണത്തിന്റെ ചിറകിൻകീഴിൽ വളരാൻ അനുവദിക്കുകയാണ് ദൈവം ചെയ്യുന്നത്.
അവർ ഏതവസരത്തിലും പാപം ഉപേക്ഷിച്ചു തന്നിലേക്ക് തിരികെ വന്നെക്കാമെന്നുളള പ്രത്യാശയാണ്, ക്ഷമയോടെ കാത്തിരിക്കാൻ ദൈവത്തെ പ്രചോദിപ്പിക്കുന്നത്.
എന്നാൽ ദൈവത്തിൽ നിന്നകന്നു പാപം ചെയ്തു, ലോകസുഖങ്ങളിൽ മയങ്ങിപ്പോയവർ പലപ്പോഴും ദൈവത്തിന്റെ കരുണാർദ്രമായ ഈ ക്ഷമയെ തിരിച്ചറിയുന്നില്ല.
'ദൈവം ഇതൊന്നും അത്ര കാര്യമാക്കില്ല' എന്ന് തുടങ്ങി 'ദൈവം എന്നൊന്നില്ല' എന്ന് വരെയുള്ള തലതിരിഞ്ഞ ചിന്തകൾക്ക് അടിപ്പെട്ട്, ദൈവത്തിന്റെ കരുണയോടു പുറം തിരിഞ്ഞു നിൽക്കുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ ഇടയിൽ.
ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.
കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
(2 പത്രോസ് 3:9,10).
ഭൂമിയും അതിലെ സമസ്തവും കത്തിനശിക്കുന്ന ആ ദിനത്തിൽ, കളകളായിതന്നെ ജീവിക്കുന്നവരെ തീയിൽ ചുട്ടുകളയും എന്നാണു ദൈവചനം പഠിപ്പിക്കുന്നത്.
നല്ല ഗോതന്പുചെടികളായി ജനിച്ചിട്ടും, കളകളായി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നമ്മിലെ പാപസ്വാധീനങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ബോധ്യമുണ്ടോ?
മറ്റാരും അറിയില്ല എന്ന് വിചാരിച്ച് രഹസ്യപാപങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണോ നമ്മള്‍ ഇന്ന്?
യേശുവിനെ വിട്ടു നമ്മള്‍ മാറി പോയോ?
യേശുവില്‍ കൂടി മാത്രമേ രക്ഷയുളൂ എന്ന് നമ്മള്‍ ഓര്‍ക്കുന്നുണ്ടോ?..
ഗോതന്പ് മണികളിൽനിന്നും കളയെ വേർതിരിക്കുന്ന യേശുവിന്റെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ച്, കളങ്കവും കറയും അകറ്റി, പാപങ്ങളിൽനിന്നും നമ്മെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ നിറവിനായി നമുക്കും പ്രാർത്ഥിക്കാം.
പുതിയ ആകാശവും പുതിയ ഭൂമിയുമാകുന്ന ദൈവവാഗ്ദാനത്തിനായി, നിർമ്മലമായ ഒരു ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ.
ആമേൻ.

Comments