"അവളില്‍ നിന്ന് ക്രിസ്തു എന്ന് പേരുള്ള യേശു ജനിച്ചു "

കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്.

മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും.

രണ്ടായിരം വർഷംമുന്പ് ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്ന ശിശു, ഈ ദൈവത്തെ "എന്റെ പിതാവ്" എന്നുവിളിക്കാൻ അധികാരമുള്ള, ദൈവത്തിന്റെ ഏകജാതനാണ്.

പുരുഷനെ അറിയാതിരുന്ന കന്യകയായ മറിയം എന്ന മനുഷ്യസ്ത്രീയിൽ വചനം മാംസമായപ്പോൾ പിറന്നു വീണത്‌ നൂറു ശതമാനം ദൈവമായ യേശുക്രിസ്തുവാണ്‌.

തലമുറകൾതോറും നൽകപ്പെട്ടിരുന്ന മനുഷ്യകുലത്തിന്റെ രക്ഷകൻ എന്ന ദൈവത്തിന്റെ വാഗ്ദാനം അതിന്റെ പൂർണ്ണതയിൽ എത്തിയത് മനുഷ്യർക്ക് സങ്കൽപ്പിക്കാൻപോലും സാധിക്കാത്ത സാഹചര്യങ്ങളിലൂടെയാണ്.
പെട്ടെന്ന് ഒരു ദിവസം ആകാശത്തിൽനിന്നും തന്റെ സർവമഹത്വത്തിലും പ്രത്യക്ഷനാകുകയല്ല ദൈവം ചെയ്തത്.

തന്നെ സമീപിക്കുന്നവരാരും ഭയചകിതർ ആകാതിരിക്കുന്നതിനു നിസ്സഹായതയുടെ പര്യായമായ ശിശുവിന്റെ രൂപത്തിലാണ് ദൈവം ഭൂമിയിലേക്ക്‌ വന്നത്.

നൂറു ശതമാനം ദൈവമായ യേശു , ഭൂമിയിൽ മറ്റേതൊരു മനുഷ്യനും പിറക്കുകയും ജീവിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിച്ചതിനാൽ, താൻ നൂറു ശതമാനം മനുഷ്യനാണെന്നും നമുക്ക് വെളിപ്പെടുത്തിതന്നു.
സ്രഷ്ടാവായ ദൈവത്തിന്റെ എകജാതനും നമ്മുടെ രക്ഷകനും കർത്താവുമായ യേശു നൂറു ശതമാനം ദൈവവും നൂറു ശതമാനം മനുഷ്യനുമാണ്.

ഈ വചനഭാഗത്തിലൂടെ സുവിശേഷകൻ നമുക്ക് വിവരിച്ചു തരുന്നത് യേശുവിന്റെ മാനുഷിക വശമാണ്

ദിവ്യരക്ഷകന്റെ മാനുഷികതലം അതിന്റെ പൂർണ്ണതയിൽ നാമെല്ലാം ഗ്രഹിക്കണമെന്ന ദൈവത്തിന്റെ ആഗ്രഹമാണ് പരിശുദ്ധാത്മ പ്രചോദനമായി ഇവിടെ വെളിപ്പെടുന്നത്.

മാനുഷികമായ എല്ലാറ്റിനോടും - ജോലി, സൗഹൃദം, കുടുംബം - യേശുവിന് അത്യധികമായ സ്നേഹം ഉണ്ടായിരുന്നു.

എന്നാൽ, അവയെക്കാളും ഉപരിയായി അവിടുന്ന് മനുഷ്യനെ സ്നേഹിച്ചിരുന്നു - പ്രത്യേകിച്ചും കുറ്റങ്ങളും കുറവുകളും രോഗങ്ങളും വേദനകളും ക്ലേശങ്ങളും ആകുലതകളും ഉള്ളവരെ.
ഭൂമിയിലെ തന്റെ ജീവിതംകൊണ്ട് മനുഷ്യർ എങ്ങിനെ ഭൂമിയിൽ ജീവിക്കണം എന്നതിനു മാതൃക നല്കാൻ യേശുവിനായി.
ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
(യോഹന്നാൻ 13:15).

"ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ (എഫെസ്യർ 5 :1,2)

എന്ന് പൌലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു.
യേശുവിനെ അനുകരിക്കുന്നതിന്റെ ആദ്യപടിയായി നമുക്ക് നമ്മെത്തന്നെ യേശുവിൽ കാണാൻ സാധിക്കണം.
യേശു എന്ന മനുഷ്യനെക്കുറിച്ച് ഏകദേശമായ ഒരു സങ്കൽപം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഒരിക്കലും ഇതിനു സാധിക്കുകയില്ല.

ദൈവമായ യേശുവിന്റെ ഭൂമിയിലെ ഓരോ പ്രവർത്തനത്തിന്റെയും പിന്നിലുള്ള മാനുഷിക വികാരത്തെ കണ്ടെത്തി അത് മാതൃകയാക്കാൻ കഴിയുന്പോഴാണ് യേശുവിൽ ഉണ്ടായിരുന്ന മനോഭാവം നമോരോരുത്തരിലും ഉണ്ടാകുന്നത്.

യേശുവിന്റെ മാതൃക അനുകരിച്ച്, ഇനിയുള്ള നമ്മുടെ ജീവിതംകൊണ്ട് നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകർന്നുനൽകുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന കർത്താവായ യേശുവേ, എന്നേക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കരുതാനും, എന്റെ താല്പര്യങ്ങൾ മാത്രം നോക്കാതെ മറ്റുള്ളവരുടെ താല്പര്യങ്ങൾകൂടി പരിഗണിക്കാനും എന്നെ പഠിപ്പിക്കണമേ. ആമ്മേൻ. (cf. ഫിലിപ്പി 2:4-7)

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും