എന്താണ് ക്രിസ്തു മതത്തിന്റെ കാതൽ.."?
എന്താണ് ക്രിസ്തുമതത്തിന്റെ കാതൽ?
ഒട്ടേറെപ്പേരുടെ കാഴ്ചപ്പാടിൽ, ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികൾക്ക് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ബുദ്ധിമുട്ടുള്ള പ്രമാണങ്ങളും ഉപദേശങ്ങളും നൽകുന്ന, രണ്ടായിരം വർഷം പഴക്കമുള്ള ഒരു പ്രസ്ഥാനമാണ് ക്രിസ്തുമതം.
എന്നാൽ, ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ച് പീഡകളനുഭവിച്ചു മരിച്ച് അടിസ്ഥാനമിട്ട സഭ സദാചാരം വിളന്പുന്ന കേവലം ഒരു മതം മാത്രമാണോ?
നല്ലവരായി എങ്ങിനെ ഭൂമിയിൽ ജീവിക്കാമെന്ന ഉപദേശം അനുയായികൾക്ക് നൽകുന്ന ഒരു തത്വസംഹിത മാത്രമേയുള്ളോ ക്രിസ്തുമതത്തിന്?
ക്രിസ്തുമതത്തെ ഒരിക്കലും മറ്റു മതങ്ങളെ വീക്ഷിക്കുന്ന ദൃഷ്ടികോണുകൊണ്ട് നോക്കിക്കാണരുത്.
കാരണം, തത്വസംഹിതകളല്ല ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത; സ്വസ്ഥമായ ജീവിതമോ വേദനകളുടെ അഭാവമോ അല്ല ഒരു ക്രൈസ്തവന്റെ സ്വപ്നം;
ഉത്തമപുരുഷസങ്കൽപമല്ല ഒരാളെ ക്രിസ്ത്യാനിയാക്കുന്നത്; പണമോ പ്രശസ്തിയോ കെട്ടിടങ്ങളോ വ്യക്തികളോ അല്ല ക്രിസ്തുമതത്തിന്റെ കേന്ദ്രബിന്ദു;
നല്ലവനായി ജീവിച്ച് നല്ലമരണം പ്രാപിക്കുക എന്നതല്ല ക്രിസ്തീയമായ പ്രത്യാശ.
യേശുക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മം, ജീവിക്കുന്ന ദൈവത്തിന്റെ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ക്രിസ്തീയനും.
ഗുരുവിന്റെ വാക്കുകൾ അനുസരണയോടെ പിന്തുടരുന്നവനാണ് ശിഷ്യൻ.
ക്രിസ്തുവിന്റെ ശിഷ്യനാണ് ക്രിസ്ത്യാനിയെങ്കിൽ, ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത് ആചാരങ്ങളുടെ അനുഷ്ടാനം അല്ല, മറിച്ച്, യേശുവിന്റെ കൽപനകളുടെ ശ്രദ്ധാപൂർവമായ പാലനമാണ്.
ഇഹലോക സമൃധിയിലേക്കും നല്ല മരണത്തിലേക്കും മരണാനന്തര ജീവിതത്തിലേക്കും ഒക്കെ നമ്മെ നയിക്കാൻ കഴിയുന്ന ഒട്ടേറെ മതങ്ങൾ ഈ ലോകത്തുണ്ടാകാം..
എന്നാൽ, സ്നേഹം ലഭിക്കാനുള്ളതല്ല കൊടുക്കാനുള്ളതാണ് എന്ന് പഠിപ്പിക്കുന്ന ഒരു വ്യക്തിയേ ഈ ലോകത്തുള്ളൂ, അത് ഈ ലോകത്തെ പാപത്തിൽനിന്നും മോചിപ്പിക്കാൻ സ്വയം ശൂന്യനായ യേശുവല്ലാതെ മറ്റാരുമല്ല.
പിതാവായ ദൈവം തന്റെ ഏകജാതനെ മഹത്വപ്പെടുത്തിയത് കുരിശിലൂടെയാണ്.
ആ കുരിശിനെ ആശ്ലേഷിക്കുന്നതിനു മുൻപായി, തന്റെ മരണം മുന്നിൽകണ്ടുകൊണ്ട്, യേശു തന്റെ പ്രിയശിഷ്യർക്ക് ഒരു പുതിയ കൽപന നൽകുകയാണ്:
നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിൻ എന്ന വാക്കുകളിലൂടെ പരിമിതികളില്ലാതെ സ്നേഹിക്കുവാനാണ് കർത്താവ് തന്റെ ഓരോ ശിഷ്യനോടും കല്പിക്കുന്നത്.
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. അതുകൊണ്ടാണ് പാപത്തിന്റെ ചേറ്റുകുഴിയിൽ പൂണ്ടുകിടക്കുന്ന എന്നെയും നിങ്ങളെയും ദൈവം സ്നേഹിക്കുന്നത്.
നീതിമാൻമാർക്കു മുൻപേ ചുങ്കക്കാരനും വേശ്യയ്ക്കുമായി സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കുന്നതാണ് ദൈവത്തിന്റെ സ്നേഹം.
അതുപോലെ സ്നേഹിക്കാനാകുന്പോഴാണ് ഒരാൾ ക്രിസ്ത്യാനിയാകുന്നത്. ആചാരാനുഷ്ടാനങ്ങളും നിയമപാലനവുമൊക്കെ ഈ സ്നേഹത്തിന്റെ ഒരു വിപുലീകരണം മാത്രമേ ആകുന്നുള്ളൂ.
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:
എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
( 1കൊരിന്ത്യർ 13:1-9)
പരസ്പരം സ്നേഹിച്ച് ക്രിസ്തുവിന്റെ ശിഷ്യരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ, എന്നിൽ വന്ന് വസിക്കണമേ, ദൈവസ്നേഹത്താൽ നിറയ്ക്കണമേ.
അസൂയയും അഹങ്കാരവും ആത്മപ്രശംസയുമകറ്റി സത്യവും ദയയും ദീർഘക്ഷമതയുമുള്ളതായ സ്നേഹം പകർന്നുകൊടുക്കുന്ന ഒരുപകരണമാക്കി എന്നെ രൂപാന്തരപ്പെടുത്തേണമേ.
ആമേൻ.
Comments