യേശു വന്നത്?...തീ കത്തിക്കാൻ...

ഈ ലോകത്തിലും ജനതകൾക്കിടയിൽ ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് ബൈബിളിലെ അഗ്നി പ്രതിനിധാനം ചെയ്യുന്നത്.

പഴയനിയമത്തിൽ അഗ്നി ദൈവത്തിന്റെ സാന്നിധ്യമായി മോശയ്ക്ക് അനുഭവപ്പെട്ടു (പുറപ്പാട് 3:2). പിന്നീട്, ദൈവത്തിന്റെ മഹത്വമായും (എസെക്കിയേൽ 1:4, 1:13), ദൈവദാസരെ സംരക്ഷിക്കുന്ന സൈനീക വ്യൂഹമായും (2 രാജാക്കന്മാർ 6:17), എല്ലാ അശുദ്ധിയെയും തുടച്ചുനീക്കുന്ന ദൈവീക ശക്തിയായും (ആവര്‍ത്തനം 4:24), നീതിയോടെ വിധിക്കുന്ന മാർഗ്ഗമായും (സഖറിയാ 13:9), പാപത്തിനെതിരെയുള്ള കർത്താവിന്റെ ഉഗ്രകോപമായും (ഏശയ്യാ 66:15,16) ഒക്കെ അഗ്നി പ്രതീകവത്കരിക്കപ്പെടുന്നുണ്ട്.

പുതിയ നിയമത്തിൽ പ്രധാനമായും അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണ് (അപ്പ. പ്രവർത്തനം 2:3). ദൈവത്തിന്റെ അഗ്നി തിന്മയെ നശിപ്പിക്കുന്നു, പാപാസക്തിയുടെ കെട്ടുകളെ അഴിക്കുന്നു, ആത്മാവിനെ വിശുദ്ധീകരിക്കുന്നു, ദൈവത്തോടുള്ള ഭക്തിയാലും ഭയത്താലും മനസ്സിനെ നിറയ്ക്കുന്നു, ദൈവവചനം ഗ്രഹിക്കുവാൻ ഹൃദയങ്ങളെ തുറക്കുന്നു, ദൈവസ്നേഹം അനുഭവേദ്യമാക്കിത്തരുന്നു.

ഈ വചനഭാഗത്തിൽ, തന്റെ ആഗമനംമൂലം വരുംകാലങ്ങളിൽ ജനങ്ങൾക്കിടയിൽ ഉണ്ടാകാനിരിക്കുന്ന വലിയൊരു പ്രശ്നത്തെക്കുറിച്ചാണ് യേശു പ്രവചിക്കുന്നത്.

യേശുവിന്റെ കാൽവരിയിലെ ബലിയിലൂടെയാണ് പരിശുദ്ധാത്മാവാകുന്ന അഗ്നി ലോകമെങ്ങും കത്തിപ്പടർന്നത്‌.

യേശുവിന്റെ വചനങ്ങൾ സ്വീകരിച്ചു പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ദൈവവചനങ്ങൾ തിരസ്കരിച്ചവരും തമ്മിലുണ്ടാകുന്ന ഭിന്നതകളെക്കുറിച്ച് യാതൊരു ഒളിച്ചുവയ്പ്പുകളും ഇല്ലാതെ യേശു മുന്നറിയിപ്പ് നൽകുന്നത്.

ദൈവവചനത്തിന് ഇടനിലങ്ങളില്ല - ഒന്നുകിൽ, വചനം പൂർണ്ണമായും സ്വീകരിക്കണം; ആല്ലെങ്കിൽ, പൂർണ്ണമായും നിരാകരിക്കണം.

അതുകൊണ്ടുതന്നെ, ദൈവീകകാര്യങ്ങളിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുന്പോൾ ഒത്തുതീർപ്പിന് അവിടെ യാതൊരു പ്രസക്തിയുമില്ല.

അതിനാൽ, യേശുവിന്റെ സമാധാനം എല്ലായ്പ്പോഴും വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും സമാധാനം ഉളവാക്കണം എന്നു നിർബന്ധമില്ല.

ഒരു ക്രിസ്തുശിഷ്യൻ പ്രാഥമികമായി കൂറുപുലർത്തേണ്ടത് യേശുവിനോടും അവിടുത്തെ വചനത്തോടും അവിടുത്തെ ശരീരമായ തിരുസഭയോടും ആണ്.

അതിനുശേഷമുള്ള സ്ഥാനങ്ങൾ മാത്രമേ ബന്ധുമിത്രാദികൾക്കും സാമൂഹിക വ്യവസ്ഥിതികൾക്കും നൽകാവൂ എന്നാണ് യേശു തന്റെ ശിഷ്യരെ പഠിപ്പിക്കുന്നത്.

ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്" എന്ന് പൌലോസ് അപ്പസ്തോലനും നമ്മെ അനുസ്മരിപ്പിക്കുന്നു.

യേശു കുരിശിലൂടെ നേടിത്തന്ന സമാധാനം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കണമെങ്കിൽ ഒത്തുതീർപ്പുകളിലൂടെയും വിട്ടുവീഴ്ച്ചകളിലൂടെയും സമാധാനം സങ്കൽപ്പിച്ചെടുക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം.

യേശു പറഞ്ഞ, യേശു കാണിച്ചു തന്ന മാര്‍ഗത്തിലേക്ക് നമ്മള്‍ പോകുമ്പോള്‍ പല എതിര്‍പ്പുകളെയും നേരിടേണ്ടി വരും....നമ്മള്‍ ഒറ്റപ്പെടും.

അനുദിനജീവിതത്തിൽ നേരിടേണ്ടിവരുന്ന എല്ലാ തിന്മകളോടും മല്ലടിച്ച് സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും