"ലോകത്തിന്റെ പാപം ചുമക്കുന്ന കുഞ്ഞാട്..."
ദൈവമെന്തിനു മനുഷ്യനായി എന്ന് ഒരിക്കൽകൂടി വിചിന്തനം ചെയ്യാൻ ഈ വചനഭാഗം സഹായകമാണ്.
അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും നമ്മുടെ രോഗങ്ങളും വേദനകളും അകറ്റാനും,
നല്ല പ്രബോധനങ്ങളിലൂടെ സൌഭാഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നതിനും,
പിതാവായ ദൈവത്തെ ഭയത്തോടുകൂടി മാത്രം കണ്ടിരുന്ന ലോകത്തിനു അവിടുത്തെ സ്നേഹം വെളിപ്പെടുത്തിക്കൊടുക്കാനും എന്നു തുടങ്ങി ഒട്ടനവധിയായ കാരണങ്ങൾ യേശുവിന്റെ ജനനത്തെ സംബന്ധിച്ച് നമുക്ക് നിരത്താൻ കഴിയും.
എന്നാൽ, യേശു ലോകത്തിലേക്ക് വന്നത് പരമപ്രധാനമായും ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായാണ്.
എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.( യെശയ്യാ - 53:5).
അപരാധികളായ നമ്മെ പാപത്തിന്റെ ബന്ധനത്തിൽനിന്നും എന്നേക്കുമായി മോചിപ്പിച്ച്, പിതാവായ ദൈവവുമായി രമ്യതപ്പെടുത്തി, ആദിമാതാപിതാക്കളുടെ പാപം നിമിത്തംനഷ്ടമായ പറുദീസാ തിരികെ നൽകാൻ ദൈവത്താൽ അയക്കപ്പെട്ട കളങ്കമില്ലാത്ത പെസഹാ കുഞ്ഞാടാണ് യേശു.
പഴയനിയമ യഹൂദരുടെ ഇടയിൽ ആടുകളെ ബലിയായി നല്കുന്നതിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.
പെസഹായുടെ സമയത്ത്, ഈജിപ്തിലെ അടിമത്തത്തിൽനിന്നും ദൈവം രക്ഷിച്ചതിന്റെ സ്മരണ പുതുക്കി അവർ ആടിനെക്കൊന്നു അതിന്റെ രക്തം തങ്ങളുടെ ഭവനത്തിന്റെ കട്ടിളപ്പടിയിന്മേൽ തളിക്കുമായിരുന്നു.
ഈജിപ്തുകാരുടെ ആദ്യജാതരെയെല്ലാം കൊന്നൊടുക്കിയ കർത്താവിന്റെ ദൂതൻ, കട്ടിളപ്പടിയിൽ ആടിന്റെ രക്തം തളിച്ചിരുന്ന ഇസ്രായേൽ ഭവനങ്ങളെ ശിക്ഷയിൽനിന്നും ഒഴിവാക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന സമയമായിരുന്നു പെസഹാ പെരുനാള്‍ (cf. പുറപ്പാട് 12:11-13).
. യോഹന്നാൻ യേശുവിനെ കുഞ്ഞാടെന്നു അഭിസംബോധന ചെയ്യുകവഴി, അവിടുന്ന് കട്ടിളപ്പടിപോലെതന്നെ മരംകൊണ്ടു നിർമ്മിച്ച കുരിശിൽ രക്തം ചിന്തി അർപ്പിക്കാനിരുന്ന ബലിയെക്കുറിച്ചു പ്രവചിക്കുകയാണ്.
തൻറെ തിരുരക്തത്താൽ നനഞ്ഞ മരക്കുരിശിലൂടെയാണ് യേശു നാമോരോരുത്തരെയും നിത്യമരണത്തിൽനിന്നും രക്ഷിച്ചത്.
പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപത്തോടെ യേശു വിനെ സമീപിക്കുന്ന എല്ലാവർക്കും അവിടുത്തെ ത്യാഗബലിയിൽനിന്നും ഉരുത്തിരിഞ്ഞ രക്ഷ ലഭ്യമാണ്.
ദൈവത്തിന്റെ മക്കൾ ഏറ്റവും അധികം സ്നേഹിക്കുന്നത് ദൈവത്തെ ആയിരിക്കണം -
എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നത് നമ്മിലെ ആന്തരീകവിശുദ്ധിയാണ്.
നമ്മുടെ വിശുദ്ധിക്ക് തടസ്സമാകുന്ന ഒട്ടനവധി കാര്യങ്ങൾ അനുനിമിഷം ലോകം നമുക്ക് മുന്പാകെ വച്ചുനീട്ടുന്നുണ്ട്. അവയുടെ മായാവലയത്തിൽ ആകൃഷ്ടരായി ചിലപ്പോഴെല്ലാം നമുക്ക് അടി തെറ്റാറുമുണ്ട്.
സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഖടം നിറഞ്ഞതുമാണ്. ആ വഴി സഞ്ചരിക്കുന്നവർ യാത്രാക്ലേശത്താൽ തളർന്നു വീഴാനുള്ള പ്രധാനകാരണം അവർ ചുമക്കുന്ന പാപഭാരങ്ങളാണ്.
ചെയ്യുന്നത് ലഘുപാപങ്ങൾ ആണെങ്കിൽകൂടിയും, ഒട്ടേറെ ലഘുപാപങ്ങൾ കൂടുന്പോൾ അവ ഭാരമുള്ള ഒരു ചുമടായി മാറും. മാത്രവുമല്ല, ലഘുപാപങ്ങൾ മനസ്സാക്ഷിയിൽ സൃഷ്ടിക്കുന്ന വിള്ളലുകൾ ക്രമേണ നമ്മെ മാരക പാപങ്ങൾ ചെയ്യാൻ മടിയില്ലാത്തവരാക്കി മാറ്റുകയും ചെയ്യും.
ഇങ്ങനെ നമ്മെ ഒരു കടും പാപി ആക്കി മാറ്റുന്നു.
പാപത്തെ വിട്ടു ഒടുവാനുള്ള കൃപ ക്കായി പ്രാര്‍ത്ഥിക്കാം..
കാല്‍വരിയില്‍ നമുക്കായി യാഗമായ ദൈവീക കുഞ്ഞാടിനെ നോക്കി മുന്നോട്ടു പോകാം..
Comments