" അനേകരെ യേശുവിലേക്കു ആകർഷിക്കാൻ ശ്രമിക്കാം.."

ഈ വചനഭാഗത്തിൽ, പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്ന യേശുവിനെ ആണ് നമ്മൾ കണ്ടുമുട്ടുന്നത്.

ഈ സംഭവത്തിലൂടെ, ഒരു ക്രിസ്തുശിഷ്യൻ തന്റെ സമൂഹത്തിലുള്ള മറ്റുള്ളവരുമായി എപ്രകാരം ഇടപഴകണം എന്ന് യേശു കാണിച്ചുതരുന്നുണ്ട്.

സമൂഹത്തിലെ എല്ലാ വിധത്തിലുമുള്ള ആൾക്കാരുമായി യേശുവിനു സൌഹൃദമുണ്ടായിരുന്നു. നിക്കൊദേമോസും അരിമത്തിയാക്കാരനായ ജോസഫും ഒക്കെ സമൂഹത്തിലെ സമ്പന്നരും ഒട്ടേറെ അധികാരം ഉള്ളവരും ആയിരുന്നു.

യേശുവിന്റെ ശിഷ്യന്മാരിൽ മിക്കവരും സമൂഹത്തിലെ സാധാരണക്കാരും വിദ്യാവിഹീനരും ആയിരുന്നു.
ദരിദ്രരും പാപികളും വേശ്യകളും ചുങ്കക്കാരും തുടങ്ങി സമൂഹത്തിന്റെ കണ്ണിലെ കരടായിരുന്ന നിരവധിപേരും യേശുവിനെ സുഹൃത്തായിക്കണ്ട് അവിടുത്തോട്‌ ഇടപഴകുകയും അനുഗമിക്കുകയും ചെയ്തിരുന്നു.

കുറ്റങ്ങളും കുറവുകളും ഉള്ളവരോടും, നമ്മുടേതിൽനിന്നും വ്യത്യസ്ഥമായ വിശ്വാസവും ആദർശങ്ങളും വച്ചുപുലർത്തുന്നവരോടും ഇടപഴകുന്ന അവസരങ്ങളിൽ യേശുവിന്റെ സമീപനം നമുക്കും മാതൃകയാക്കാവുന്നതാണ്.

നമ്മുടെ ചുറ്റുമുള്ളവരുടെ വ്യത്യസ്തങ്ങളായ ആചാരങ്ങളും അഭിരുചികളും ആദർശങ്ങളുമായി ഇണങ്ങിച്ചേർന്നുപോകാൻ നമ്മൾ ബുധിമുട്ടുന്പോഴാണ് നമ്മുടെ സാമൂഹ്യജീവിതത്തിൽ നിരവധിയായ ഉരസലുകൾ ഉണ്ടാകുന്നത്.

നമ്മുടെ ജീവിതശൈലിയോടും വിശ്വാസത്തോടും യോജിക്കാത്ത ആൾക്കാരുമായി ഇടപഴകുന്ന അവസരങ്ങളിൽ സാധാരണയായി രണ്ടു കാര്യങ്ങളാണ് നമ്മൾ ചെയ്യാറുള്ളത്. ഒന്നുകിൽ, നമ്മുടെ ജീവിതരീതി ശരിയാണെന്നും മറുഭാഗത്തുള്ളവരുടേതു തെറ്റാണെന്നും സ്ഥാപിക്കാൻ അവരുമായി നമ്മൾ വാഗ്വാദത്തിൽ ഏർപ്പെടും.

രണ്ടുകൂട്ടർക്കും സ്വീകാര്യമാകുന്ന ഒരു ഫലം ഇത്തരത്തിലുള്ള വാഗ്വാദങ്ങൾ ഒരിക്കലും പുറപ്പെടുവിക്കാറില്ല;
നീരസവും വെറുപ്പും അവജ്ഞയുമായിരിക്കും സാധാരണ ഗതിയിൽ വാക്കുകളും പ്രവർത്തികളും വഴിയുള്ള തർക്കങ്ങളുടെ അനന്തരഫലം.

. അതല്ലെങ്കിൽ, നമുക്ക് ശരിയെന്നു തോന്നാത്ത ജീവിതം നയിക്കുന്നവരോട് നാം കാണിക്കുന്ന മറ്റൊരു സമീപനമാണ് അവഗണന.
നമുക്കിഷ്ടമില്ലാത്ത അവരുടെ ജീവിതക്രമത്തെ മാത്രമല്ല, അവരെ മുഴുവനായും അവഗണിക്കുന്നതുവഴി, അവരുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും തികഞ്ഞ നിസ്സംഗത നമ്മൾ പലപ്പോഴും വച്ചുപുലർത്താറുണ്ട്.

അവരുമായി വഴക്കടിക്കുന്നില്ലെങ്കിലും നല്ല ഒരു സമീപനമാണിതെന്നു തോന്നുമെങ്കിലും, സ്നേഹത്തിന്റെ അഭാവം ഈ മനോഭാവത്തെയും ദൈവഹിതത്തിന് എതിരാക്കുന്നു.

യേശുവിൽ പാപത്തിന്റെ യാതൊരു കളങ്കവും ഉണ്ടായിരുന്നില്ല. പാപികളോടും സമൂഹത്തിലെ തിരസ്കൃതരോടുമുള്ള സമ്പര്‍ക്കം മൂലം യേശു അവരുടെ തെറ്റായ ജീവിതശൈലികൾ അനുകരിക്കുകയല്ല ചെയ്തത്. മറിച്ച്, തന്റെ പ്രബോധനങ്ങളിലൂടെയും ജീവിതമൂല്യങ്ങളിലൂടെയും അവരുടെ ജീവിതത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുകയാണ് ഉണ്ടായത്.

യേശുവിന്റെ മാതൃക അനുകരിച്ച്, പരിശുദ്ധാത്മാവിലൂടെ ദൈവം നമ്മിലേക്ക് ധാരാളമായി ചൊരിയുന്ന കൃപകൾ ഉപയോഗിച്ച്, നമ്മുടെ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപഴകുന്പോൾ അവരുടെ ജീവിതത്തിൽ യേശുവിലൂടെ നമുക്ക് ലഭിച്ച ദൈവരാജ്യത്തിന്റെ സന്ദേശം എത്തിക്കാൻ നമുക്കും സാധിക്കും.

ആത്മസംയമനത്തോടെ എതിർപ്പുകളെ നേരിടുന്നതും, എല്ലാവരോടും അനുകന്പയോടും സ്നേഹത്തോടും പെരുമാറുകയും ചെയ്യുന്നതും ഒരിക്കലും അവരുടെ തെറ്റായ ജീവിതശൈലിയേയും വിശ്വാസത്തെയും നമ്മൾ അംഗീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു എന്നതിന്റെ സൂചനകളല്ല

. മറ്റുള്ളവരെ, നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ മക്കളായി തിരിച്ചറിഞ്ഞ്, അവരെ സഹോദരരെപോലെ സ്നേഹിക്കാൻ സഹായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ക്രിസ്തീയവിശ്വാസം.

ക്രിസ്തുവിനെയും ക്രിസ്തു സ്ഥാപിച്ച സഭയേയും അറിയാൻ സാധിക്കാതെ പോയവരോടും, അറിഞ്ഞിട്ടും സ്വീകരിക്കാൻ വിസമ്മതിക്കുന്നവരോടും ആത്മാർത്ഥമായ സ്നേഹത്തോടും സേവനമനസ്കതയോടും പെരുമാറാൻ നമ്മൾ കടപ്പെട്ടവരാണ്.

നമ്മുടെ വിജ്ഞാനമോ പരിഹാസമോ അവഗണനയോ ഒന്നുമല്ല മറ്റുള്ളവരെ യേശുവിലുള്ള സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരുന്നത്, നമ്മുടെ സ്നേഹമാണ്, പൊറുക്കാനും മറക്കാനുമുള്ള നമ്മുടെ സന്നദ്ധതയാണ്, കൃതജ്ഞതാ പൂർവമുള്ള നമ്മുടെ പെരുമാറ്റമാണ്.

ആഴമുള്ള വിശ്വാസത്തിനു ഉടമകളായി, മറ്റുള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും