സൗമ്യത യുള്ളവർ...

അനാവിം (Anawim) എന്ന ഹീബ്രുപദമാണ് ശാന്തശീലൻ എന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്, തന്റെ ശക്തിയിലോ കഴിവിലോ വിശ്വാസം വയ്ക്കാതെ ദൈവത്തിൽമാത്രം ആശ്രയിക്കുന്ന വ്യക്തി എന്നാണ്.

സ്വന്തം കഴിവുകളിൽ അമിതമായ ആത്മവിശ്വാസം പുലർത്തുന്നവരെയും അഹങ്കരിക്കുന്നവരെയും ഈ വിശേഷണത്തിന് അർഹരല്ലാത്തവരായി യഹൂദജനം കണക്കാക്കിയിരുന്നു. അതിനാൽ, ശാന്തശീലൻ എന്ന വിശേഷണത്തെ വിനയശീലൻ എന്ന അർത്ഥത്തിൽ വീക്ഷിക്കുന്പോൾ, അത് ഈ സുവിശേഷഭാഗ്യത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കും.

ഹൃദയത്തിലുള്ള എളിമയുടെയും ശാന്തതയുടെയും ബഹിർസ്ഫുരണമാണ് വിനയം. വിനയശീലനായ ഒരാൾ, എല്ലാവരോടും എല്ലായ്പ്പോഴും വീണ്ടുവിചാരത്തോടെയും ദയയോടെയും പെരുമാറുന്നു.

എത്രതിരക്കിനിടയിലും മറ്റുള്ളവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ അയാൾ സമയം കണ്ടെത്തുന്നു. ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്നവരോട് പരുഷമായോ അവജ്ഞയോടുകൂടിയോ അയാൾ ഒരിക്കലും പ്രതികരിക്കുന്നില്ല.

പക്ഷേ, നമുക്കറിയാം, ഇന്നത്തെ ലോകം അടക്കിവാഴുന്നത് വിനയത്തോടെ സഹജീവികളെ വീക്ഷിക്കുന്നവരല്ല. സ്വാർത്ഥതയും ദുരാഗ്രഹവും ഹൃദയത്തിൽ നിറച്ച്, തന്റെ കഴിവുകളിൽ അഹങ്കരിച്ച്, മറ്റുള്ളവരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നവരാണ് ഈ ലോകത്തെ അവകാശമാക്കിയിരിക്കുന്നത്. എങ്കിൽ, ശാന്തശീലർക്കായി യേശു വാഗ്ദാനം ചെയ്യുന്ന സുവിശേഷഭാഗ്യം എന്താണ്?

" എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. "
(സങ്കീർത്തനം 37:11) എന്ന പഴയനിയമ വാഗ്ദാനത്തിന്റെ പുനരവതരണമാണ് ഈ വചനഭാഗം.

ഇസ്രായേൽജനം വാഗ്ദത്തഭൂമി കൈവശമാക്കിയപ്പോൾ പൂർത്തീകരിക്കപ്പെട്ട ഈ പഴയനിയമ വാഗ്ദാനം യേശു പുതിയ നിയമത്തിലൂടെ വീണ്ടും നൽകുന്നത് സകലജനതയ്ക്കുമായിട്ടാണ്.

യഹൂദജനത്തിനു നശ്വരമായ ഭൂമി വാഗ്ദാനം ചെയ്ത ദൈവം, തന്റെ ഏകജാതനിലൂടെ എല്ലാവർക്കുമായി വാഗ്ദാനം ചെയ്യുന്നത് അനശ്വരമായ ഭൂമിയുടെ അവകാശം - സ്വർഗ്ഗരാജ്യം കൈവശമാക്കാനുള്ള മാർഗ്ഗം - ആണ്.

അനശ്വരമായ നമ്മുടെ അവകാശത്തെകുറിച്ച് തിരിച്ചറിവ് ലഭിക്കുന്നവർക്ക്, ആ സൌഭാഗ്യത്തോട്‌ താരതമ്യം ചെയ്യുന്പോൾ, ഭൂമിയിൽ ഉള്ളവയെല്ലാം എത്രയോ വിലകുറഞ്ഞവ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

തന്റെ ആത്മാവിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, അതിനെചൊല്ലി ദൈവസന്നിധിയിൽ വിലപിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ലൗകീകതയ്ക്കു പിന്നാലെ പരക്കം പായാതെ, ശാന്തമായ ഹൃദയത്തോടെ വിനീതമായി പെരുമാറാൻ സാധിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ, നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിച്ച് ദൈവീകരക്ഷയിലേക്ക് അടുപ്പിക്കുന്ന മൂന്നാമത്തെ പടിയാണ് വിനയം അഥവാ ശാന്തശീലം.

നമ്മുടെ ജീവിതം പൂർണ്ണമായും ദൈവകരങ്ങളിൽ സമർപ്പിക്കുവാനും, കർത്താവിൽ മാത്രം പ്രത്യാശവച്ചുകൊണ്ടു നമ്മുടെ അവകാശഭൂമിയിലേക്ക്‌ ലക്ഷ്യബോധത്തോടെ യാത്ര ചെയ്യാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും