സെക്സും ,ക്രിസ്തീയ ജീവിതവും...പാർട്ട്.1...

ദൈവം സൃഷ്ടിച്ചിട്ടുള്ള എല്ലാ ജന്മവാസനകളിലും വച്ചു് ഏറ്റവും ശക്തിയുള്ളതാണു് ലൈംഗികവാസന.

അതു് സ്‌ഫോടകവസ്തു പോലെയാണു്. വളരെ അനുഗ്രഹം നല്‍കുവാന്‍ കഴിവുള്ള ദൈവികമായ ഒരു അദ്ഭുതദാനമാണതു്. എങ്കിലും അതിന്‍റെ ദുരുപയോഗം എന്തു വലിയ വിപത്താണു് വരുത്തിയിട്ടുള്ളതു്!

ഓരോ പുരുഷനിലും സ്ത്രീയിലും ലൈംഗികവാസനകളും ആഗ്രഹങ്ങളും കുടികൊള്ളുന്നുണ്ട്. ഈ വാസനകള്‍ എല്ലാ വ്യക്തികളിലും തുല്യശക്തിയോടെയല്ല കാണപ്പെടുന്നതു്.

എന്നാല്‍ യൗവനപ്രാപ്തി മുതല്‍ കുറഞ്ഞതു് ഒരു മുപ്പതു വര്‍ഷത്തേക്കെങ്കിലും എല്ലാ സാധാരണമനുഷ്യവ്യക്തികളിലും അതൊരു വലിയ ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു

.സ്‌ഫോടകവസ്തുപോലെ ലൈംഗികവാസനയും നന്മയ്ക്കായോ തിന്മയ്ക്കായോ വിനിയോഗിക്കാം.

ദൈവമഹത്വത്തിനായോ പിശാചിന്‍റെ ഇച്ഛാനിവൃത്തിക്കായോ അതു തീരുവാന്‍ കഴിയും. സ്‌ഫോടകപദാര്‍ത്ഥം അതില്‍ത്തന്നെ പാപകരമല്ല. അതു് എങ്ങനെ, എന്തു ലക്ഷ്യത്തിനായി, ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണു് നന്മയോ തിന്മയോ സംഭവിക്കുന്നതു. അതുപോലെതന്നെയാണു് ലൈംഗികവാസനയും

. ദൈവത്തിന്‍റെ ദാനമായി അതിനെ കൈക്കൊള്ളുകയും ദൈവികനിയന്ത്രണത്തിന്‍കീഴില്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കയും ചെയ്താല്‍ മനുഷ്യന്‍റെ പരമോന്നതമായ ജീവിത സാഫല്യത്തിനു് അതു് ഉപകരിക്കും.

നേരേമറിച്ചു് ദുരുപയോഗപ്പെടുത്തിയാല്‍ അതു് അധഃപതനത്തിന്‍റെ നെല്ലിപ്പലകയില്‍ അവനെ കൊണ്ടെത്തിക്കുകയും ചെയ്യും.

ഒരാള്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ''അതു് ഉത്തമനായ ഒരു ഭൃത്യനാണു്; എന്നാല്‍ ഭീകരനായ ഒരു യജമാനനുമാണു്.''

ഭക്ഷണത്തിനും വിശ്രമത്തിനും വേണ്ടിയുള്ള ആഗ്രഹം പോലെ തന്നെ സ്വാഭാവികമാണു് ലൈംഗികമായ ആഗ്രഹവും. എന്നാല്‍ ഈ ആഗ്രഹങ്ങളെ സൃഷ്ടിച്ചിട്ടുള്ള ദൈവം തന്നെ അവയുടെ ന്യായമായ സംതൃപ്തിക്കുള്ള മാര്‍ഗ്ഗങ്ങളും വ്യവസ്ഥാപിച്ചിട്ടുണ്ട്.

ലൈംഗികവാസന ദൈവസൃഷ്ടിയെന്ന നിലയില്‍ വിശുദ്ധവും നിര്‍മ്മലവുമാണു്.

മനുഷ്യന്‍ പാപത്തില്‍ വീഴുന്നതിനുമുമ്പു് അതു് സൃഷ്ടിക്കപ്പെട്ടു. ദൈവം തന്നെ ''എത്രയും നല്ലതു്'' എന്നു കണ്ട ഒരു ലോകത്തില്‍ അതു് നിലനില്‍ക്കുകയും ചെയ്തു.

ഇതു തന്നെ അതിന്‍റെ വൈശിഷ്ട്യത്തിനു തെളിവാണു്. എന്നാല്‍ മനുഷ്യന്‍റെ പതനം മുതല്‍ ലൈംഗികവാസനയെപ്പറ്റിയുള്ള ചിന്താഗതി വഴി തെറ്റുകയും മനുഷ്യന്‍ ലൈംഗികാഭിലാഷത്തിന്‍റെ ഒരടിമയായി സ്വയം തീരുകയും ചെയ്തു.

ആദാമും ഹവ്വയും പാപം ചെയ്ത ഉടന്‍ തന്നെ അവര്‍ ലൈംഗിക ബോധമുള്ളവരായിത്തീരുകയും അവര്‍ക്കു് തങ്ങളുടെ നഗ്നതയെപ്പറ്റി നാണം തോന്നുകയും പെട്ടെന്നു് അവര്‍ ശരീരം മറയ്ക്കുവാനാഗ്രഹിക്കുകയും ചെയ്തു.

ആ പതനത്തിന്‍റെ പരിതാപകരമായ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണു് ഇന്നു നാം ജീവിക്കുന്നതു്. അതുമൂലം മനുഷ്യനു് ഒരനുഗ്രഹമായിത്തീരേണ്ട ലൈംഗികവാസന ഇപ്പോള്‍ അവനു് ഒരു ഭാരമായി മാറിയിരിക്കുന്നു.

ദൈവദത്തമായ ഈ പ്രവര്‍ത്തനമണ്ഡലത്തെ മനുഷ്യന്‍ വീണ്ടും വീണ്ടും ദുരുപയോഗപ്പെടുത്തുകമൂലം 'സെക്‌സ്' എന്ന പദത്തിനുതന്നെ അശുദ്ധി കലര്‍ന്ന ഒരര്‍ത്ഥം ഇന്നു വന്നുകൂടിയിട്ടുണ്ട്‌‌.

വിശുദ്ധവും സുന്ദരവും പവിത്രവുമായിരിക്കണമെന്നു് ദൈവം ഉദ്ദേശിച്ച ഒന്നിനെ ഇന്നത്തെ സിനിമയും പ്രസിദ്ധീക രണസംവിധാനവും വിലകുറഞ്ഞ സാഹിത്യകൃതികളുമെല്ലാം ചേര്‍ന്നു് ദുഷിപ്പിക്കുകയും അതു വഴിതെറ്റി അധഃപതിച്ച ഒരു നിലയില്‍ വന്നുചേരുകയും ചെയ്തിരിക്കുന്നു.

സെക്‌സിനെ സംബന്ധിച്ച നമ്മുടെ ചിന്താഗതിക്കുതന്നെ മാര്‍ഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നുവെന്നതിനു വേണ്ടുവോളം തെളിവുകള്‍ ലഭ്യമാണു്. ക്രിസ്തീയ പെരുമാറ്റം (Christian Behaviour) എന്ന ഗ്രന്ഥത്തില്‍ സി. എസ്. ലൂയിസ് ഇപ്രകാരം എഴുതുന്നു:

''ഒരു സ്‌റ്റേജില്‍ ഒരു പെണ്‍കുട്ടി വേഷവിധാനമഴിച്ചു മാറ്റുന്ന ചടങ്ങു സംഘടിപ്പിക്കുന്നപക്ഷം കാഴ്ചക്കാരായി ഒരു വലിയ ജനക്കൂട്ടത്തെ നമുക്കു് എളുപ്പം ലഭിക്കുന്നതാണു്. ഇനിയും ചിന്തിച്ചുനോക്കുക.

നിങ്ങള്‍ ഒരു പുതിയ സ്ഥലത്തു വന്നുചേര്‍ന്നുവെന്നിരിക്കട്ടെ. ആ നാട്ടില്‍ മൂടിവച്ചിരിക്കുന്ന ഒരു പ്ലേറ്റു് ഒരു തീയേറ്ററിലെ മേശപ്പുറത്തു വച്ചശേഷം ലൈറ്റു് അണയ്ക്കുന്നതിനുമുമ്പുള്ള ഒരു നിമിഷത്തേക്കു് അതിന്‍റെ മൂടി നീക്കുകയും പ്ലേറ്റില്‍ ഇരിക്കുന്ന ആട്ടിറച്ചിയുടെയോ പന്നിയിറച്ചിയുടെയോ കഷണം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നപക്ഷം അതു കാണാന്‍ ഒരു തീയേറ്റര്‍ നിറയെ ആളുകള്‍ തടിച്ചുകൂടു ന്നുവെങ്കില്‍ ഭക്ഷണാഭിരുചിയുടെ കാര്യത്തില്‍ എന്തോ അപാകത അവിടെ സംഭവിച്ചിട്ടുണ്ടെന്നു നിങ്ങള്‍ കരുതുകയില്ലേ?

വ്യത്യസ്തമായ ഒരു ലോകത്തില്‍ വളര്‍ന്നുവന്ന ഒരാള്‍ നമ്മുടെ ലോകത്തില്‍ വരുന്നപക്ഷം ഇതുപോലെയുള്ള ഒരപാകത ലൈംഗികവാസനയുടെ കാര്യത്തില്‍ നമ്മുടെ ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നു അയാള്‍ കരുതുകയില്ലേ?''

വഴിപിഴച്ചുപോയ ഇന്നത്തെ ലോകത്തില്‍ ദൈവത്തിനുവേണ്ടി ഒരു വെളിച്ചമായി ശോഭിക്കുവാനാണു് ഒരു ക്രിസ്ത്യാനിയെ ദൈവം വിളിച്ചിട്ടുള്ളതു്.

അതിനാല്‍ ലൈംഗികവാസനയെ കേവലം ജന്തുസഹജമായ ഒരു പ്രവണതയായും സുഖലബ്ധിക്കുള്ള ഉപാധിയായും മാത്രം കരുതുന്ന ഈ ലോകത്തിന്‍റെ താണ ചിന്താഗതിയോടു് അയാള്‍ തീര്‍ച്ചയായും എതിര്‍ത്തുനില്‍ക്കേതു് ആവശ്യമാണു്.

ദൈവം സെക്‌സിനെ (ലൈംഗികവാസനയെ) എങ്ങനെ വീക്ഷിക്കുന്നുവോ അങ്ങനെ അതിനെ വീക്ഷിക്കുവാന്‍ കഴിവുണ്ടാകുമാറു് ദൈവാത്മാവു് അവന്‍റെ മനസ്സിനു് പുതുക്കം വരുത്തുവാന്‍ അവന്‍ അനുവദിക്കണം.

അങ്ങനെയെങ്കില്‍ പാപപൂര്‍ണ്ണവും ലജ്ജാകരവുമായ ഒന്നായി അതിനെ കരുതാതെ യഥാര്‍ത്ഥത്തില്‍ പവിത്രവും സുന്ദരവുമായ ഒന്നായി അയാള്‍ അതിനെ പരിഗണിക്കും.

പല മതങ്ങളും തത്ത്വശാസ്ത്രങ്ങളും ലൈംഗികബന്ധത്തെപ്പറ്റി വഴിതെറ്റിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുണ്ടു. അതിന്‍റെ കാരണം, ഒന്നുകില്‍ അവര്‍ മനുഷ്യശരീരത്തെ ദോഷകരവും കഴിവതും വേഗം ഉപേക്ഷിക്കേതുമായ ഒന്നായി കരുതുന്നതാകാം; അഥവാ നേരേ മറുവശത്തുള്ള തെറ്റായ മനോഭാവം കൈക്കൊണ്ടുശരീരത്തെ ആരാധിക്കുകയും അതിന്‍റെ ആഗ്രഹങ്ങളെയെല്ലാമകന്നു മടികൂടാതെ നിറവേറ്റുകയും ചെയ്യുന്നതായും വരാം.

ദേഹം എന്നതു് ദേഹിയെയും ആത്മാവിനെയും അപേക്ഷിച്ചു് പ്രാധാന്യം കുറഞ്ഞതെങ്കിലും അവയെപ്പോലെതന്നെ ദൈവത്തിന്‍റെ ഉത്തമസൃഷ്ടികളില്‍പ്പെട്ട ഒന്നാണെന്നതാണു് ക്രിസ്തീയചിന്ത.

അതിനാല്‍ ദൈവികപദ്ധതിയില്‍ ശരീരത്തിനു് വ്യക്തമായ ഒരുദ്ദേശ്യമുണ്ടു. ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകയാല്‍ ക്രിസ്ത്യാനി തന്‍റെ ശരീരം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണെന്നു് ബൈബിള്‍ പഠിപ്പിക്കുന്നു (1 കൊരി. 6:13-20).

അതിനാല്‍ ശരീരത്തെ ദൈവത്തിനുവേണ്ടിയുള്ള ജീവനുള്ള യാഗമായി സമര്‍പ്പിച്ചുകൊണ്ടു ദൈവത്തെ ആരാധിക്കുവാനാണു് വചനം നമ്മെ പ്രബോധിപ്പിക്കുന്നതു് (റോമര്‍ 12:1).

ശരീരമാണു് പാപകാരണമെന്നു കരുതിയവരോടു് മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞ മറുപടി ഇപ്രകാരമാണു്: ''കര്‍ത്താവായ യേശുക്രിസ്തുവിനു് ഈ ഭൂമിയില്‍വച്ചു് ഒരു ശരീരം ഉണ്ടായിരുന്നുവെങ്കിലും അവിടുന്നു് പാപരഹിതനായി ജീവിച്ചു;

പിശാചാകട്ടെ, ശരീരം ഇല്ലാത്തവനെങ്കിലും പാപം നിറഞ്ഞവന്‍ തന്നെ.'' അതിനാല്‍ പാപത്തിന്‍റെ വേരു കിടക്കുന്നതു് ശരീരത്തിലല്ല, ഹൃദയത്തിലാണു്. പാപത്തില്‍നിന്നുള്ള വിടുതല്‍ ലഭിക്കുന്നതു് ശരീരത്തെയോ അതിന്‍റെ ആഗ്രഹങ്ങളെയോ ഇല്ലായ്മ ചെയ്തിട്ടല്ല, പിന്നെയോ ഹൃദയത്തിനു സംഭവിക്കുന്ന ഒരു മാറ്റം മുഖേനയാണു്.

ചിലര്‍ ചെയ്യുന്നതുപോലെ ദൈവത്തോടു് നമ്മുടെ ലൈംഗികാഭിലാഷങ്ങളെ മാറ്റിക്കളയണമെന്നു് നാം പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ല. അപ്രകാരം ചെയ്താല്‍ അതു് നമ്മുടെ മനുഷ്യത്വത്തെ വികലമാക്കും.

ദൈവമന്ദിരത്തിന്‍റെ ഒരു ഭാഗം നശിപ്പിക്കുകയായിരിക്കും അതിന്‍റെ ഫലം. വിജയത്തില്‍ ജീവിക്കുന്ന സമ്പൂര്‍ണ്ണമനുഷ്യരായി നാം തീരണമെന്നാണു് ദൈവത്തിന്‍റെ ആഗ്രഹം.

അടുക്കളയില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന തീ കെടുത്തിക്കളയേണ്ട കാര്യമില്ല. അതു പടര്‍ന്നുപിടിച്ചു് വീടു മുഴുവന്‍ വെന്തുപോകാതെ സൂക്ഷിക്കുക മാത്രമാണു് നാം ചെയ്യേണ്ടതു്.

ലൈംഗികാഭിലാഷത്തിന്‍റെ രംഗത്തുപോലും നാം പരീക്ഷിക്കപ്പെടുവാന്‍ ദൈവം അനുവദിക്കുന്നതു് ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണു്.

ഏദെന്‍തോട്ട ത്തില്‍വച്ചു് ആദാമും ഹവ്വയും പരീക്ഷിക്കപ്പെടുവാന്‍ അവിടുന്നു് അനുവദിച്ച അതേ ലക്ഷ്യമാണു് ഇതിലും അവിടുത്തേക്കുള്ളതു്.

ആദാം നിഷ്‌കളങ്കനായിരുന്നു. എന്നാല്‍ അവന്‍ വിശുദ്ധി പ്രാപിക്കണമെന്നു് ദൈവം ആഗ്രഹിച്ചു. വിശുദ്ധിയെന്നതു് നിഷ്‌കളങ്കതയെ കവിയുന്ന ഒന്നാണു്.

ആദാം ധാര്‍മ്മികമായ ഒരു തിരഞ്ഞെടുപ്പു നടത്തുകയും പരീക്ഷയെ അതിജീവിക്കുകയും ചെയ്താല്‍ മാത്രമേ വിശുദ്ധിയിലെത്തുമായിരുന്നുള്ളു. അതുതന്നെയാണു് നമ്മുടെയും അവസ്ഥ.

ഓരോ യുവാവും യുവതിയും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അശുദ്ധ ചിന്തകളാല്‍ പരീക്ഷിക്കപ്പെടും.

പുരുഷന്മാരില്‍ ലൈംഗികപ്രേരണ സ്ത്രീകള്‍ ക്കുള്ളതില്‍ അധികം ശക്തമായിരിക്കുന്നതിനാല്‍ പുരുഷന്മാരാണു് ഈ പ്രശ്‌നത്തെ കൂടുതലായി നേരിടുന്നതു്.

മര്‍ക്കോ. 7:21-ല്‍ യേശുക്രിസ്തു മനുഷ്യരുടെ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളുടെ ഒരു പട്ടിക വിവരിക്കുമ്പോള്‍ അതില്‍ ഒന്നാമതായിപ്പറയുന്നതു് ദുശ്ചിന്ത(അശുദ്ധചിന്ത) യെപ്പറ്റിയാണു്.

മാനസാന്തരം സംഭവിക്കാത്ത എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഒരുപോലെ ദുഷ്ടത നിറഞ്ഞതാണു്.

അതിനാല്‍ യേശു നല്‍കുന്ന വിവരണം എല്ലാവരെ സംബന്ധിച്ചും ശരി തന്നെ. അശു ദ്ധചിന്തകള്‍ എപ്രകാരം ദുര്‍മ്മാര്‍ഗ്ഗിയായ ഒരുവന്‍റെ ഹൃദയത്തെ ആക്രമിക്കുമോ അതുപോലെതന്നെ സന്മാര്‍ഗ്ഗനിഷ്ഠയുള്ള ഒരുവനെയും ആക്രമിക്കും.

അവസരം ലഭിക്കാത്തതുകൊണ്ടും സമൂഹത്തെപ്പറ്റിയുള്ള ഭയംകൊണ്ടും അയാള്‍ ശാരീരികമായി വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെടുവാനിടയായിട്ടില്ല എന്നുമാത്രം. എങ്കിലും പരീക്ഷ (പാപം ചെയ്യുവാനുള്ള പ്രലോഭനം), പാപം എന്നിവയെ തമ്മില്‍ വേര്‍തിരിച്ചു നാം മനസ്സിലാക്കേണ്ടതു് ആവശ്യമാണു്.

യേശു തന്നെയും സകലത്തിലും നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടവനാണു് (എബ്രാ. 4:15). എങ്കിലും അവിടുന്നു് ഒരിക്കലും പരീക്ഷകള്‍ക്കു കീഴ്‌പ്പെട്ടില്ല.

അതിനാല്‍ അവിടുന്നു് ഒരിക്കലും പാപം ചെയ്തില്ല.

നാമും ഭൂമിയിലെ നമ്മുടെ അവസാനദിവസം വരെയും പരീക്ഷിക്കപ്പെടും. എന്നാല്‍ നാം പാപം ചെയ്യേണ്ട ആവശ്യമില്ല.

ദുഷിച്ച ആഗ്രഹം നമ്മുടെ മനസ്സില്‍ ഗര്‍ഭം ധരിക്കുവാന്‍ ഇടകൊടുക്കുമ്പോഴേ, അതായതു് നമ്മുടെ മനസ്സില്‍ ഉദിച്ചുവന്ന ദുര്‍മ്മോഹചിന്തയെ നാം അംഗീകരിക്കുമ്പോള്‍ മാത്രമേ, നാം പാപം ചെയ്യുന്നുള്ളു (യാക്കോ. 1:15).

മനസ്സില്‍ വന്ന ചിന്തയെ ഉടന്‍തന്നെ പുറംതള്ളുന്ന പക്ഷം നാം പാപം ചെയ്യുന്നില്ല

പണ്ടൊരിക്കല്‍ ഒരു ശുദ്ധിനിഷ്ഠക്കാരന്‍ (Puritan) പറഞ്ഞതുപോലെ, ''എന്‍റെ തലയ്ക്കുമീതേകൂടി പക്ഷികള്‍ പറന്നുപോകുന്നതു തടയാന്‍ എനിക്കു കഴിവില്ലായിരിക്കാം; എന്നാല്‍ എന്‍റെ തലമുടിയ്ക്കുള്ളില്‍ അവ കൂടുവയ്ക്കുന്നതു തടയുവാന്‍ എനിക്കു സാധിക്കും.''

ഒരശുദ്ധചിന്ത നമ്മുടെ ഉള്ളില്‍ കടന്നുവരുമ്പോള്‍ ഒരു നിമിഷനേരത്തേക്കെങ്കിലും നാം അതിനെ താലോലിക്കുന്നപക്ഷം അതു് അവിടെ കൂടുവയ്ക്കുവാന്‍ നാം അനുവദിക്കുകയാണു്.

അപ്പോള്‍ നാം പാപം ചെയ്യുന്നു.
ഒരിക്കല്‍ താലോലിക്കപ്പെട്ട ദുര്‍മ്മോഹചിന്തകള്‍ ഒരുവനെ വീണ്ടും വീണ്ടും ആക്രമിക്കുകയും അയാളെ കൂടുതല്‍ അടിമയാക്കിത്തീര്‍ക്കുകയും ചെയ്യും.

സമയം കഴിയുന്തോറും അതില്‍നിന്നുള്ള വിടുതല്‍ കൂടുതല്‍ കൂടുതല്‍ പ്രയാസമായിത്തീരും.

എത്ര നേരത്തേ നാം വിടുതല്‍ അന്വേഷിക്കുന്നവോ അത്രയധികം അതു് എളുപ്പമായിത്തീരും. മറ്റെല്ലാ പാപങ്ങളുടെമേലുമെന്നപോലെ അശുദ്ധചിന്തകളുടെമേലും വിജയം ലഭിക്കുന്നതു് നമ്മുടെ വീഴ്ചയെ ഏറ്റുപറയുന്നതിലൂടെയും വിടുതലിനുവേണ്ടി തീവ്രമായി വാഞ്ഛിക്കുന്നതിലൂടെയും ക്രിസ്തുവിനോടൊപ്പം നാം മരിച്ചിരിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതിലൂടെയും നമ്മുടെ ശരീരമനസ്സുകളെ പൂര്‍ണ്ണമായി കര്‍ത്താവിനു കീഴ്‌പ്പെടുത്തിക്കൊടുക്കുന്നതിലൂടെയുമത്രേ (റോമര്‍ 6:1-14).

തുടര്‍ച്ചയായ വിജയം നമുക്കനുഭവപ്പെടണമെങ്കില്‍ നാം ആത്മാവിനെ അനുസരിച്ചു നടക്കുകയും നമ്മുടെ ജീവിതത്തെ ശിക്ഷണവിധേയമാക്കുവാന്‍ പരിശുദ്ധാത്മാവിനോടു സഹകരിക്കുകയും ചെയ്യണം .

(ഗലാ. 5:16-19). നമ്മുടെ കണ്ണുകളെയും ചെവികളെയും നാം ശിക്ഷണത്തില്‍ നിറുത്തുന്നില്ലെങ്കില്‍ (അതായതു് ദുര്‍മ്മോഹം ജനിപ്പിക്കുന്ന എല്ലാ കാഴ്ചകളും വായനയും കേള്‍വിയും ബലമായി നീക്കുന്നില്ലെങ്കില്‍) നമ്മുടെ ചിന്തകളെ ശിക്ഷണത്തില്‍ കൊണ്ടുവ രാന്‍ നമുക്കു കഴിവുണ്ടാവുകയില്ല (മത്താ. 5:28-30).

ദുര്‍മ്മോഹചിന്തകളില്‍നിന്നു സ്വാതന്ത്ര്യം ലഭിക്കുവാന്‍ ശാരീരികമായ ശിക്ഷണം അനുപേക്ഷണീയമാണു്.

ഏറ്റവും വലിയ വിശുദ്ധന്മാര്‍ തങ്ങള്‍ക്കു് ഹൃദയത്തില്‍ നിരന്തരമായി ലൈംഗിക പ്രലോഭനങ്ങളുമായി മല്ലടിക്കേണ്ടിവന്നിട്ടുള്ളതിനെപ്പറ്റി ഏറ്റുപറഞ്ഞിട്ടുണ്ട്.

പാപത്തിന്‍റെമേല്‍ വിജയം ലഭിക്കുന്നതിനു് അവര്‍ക്കു് തങ്ങളുടെ ശരീരത്തെ ദണ്ഡിപ്പിച്ചു് അടിമയാക്കേണ്ടിവന്നിട്ടുണ്ട്.

ഇയ്യോബ് വിവാഹിതനും പത്തു മക്കളുടെ പിതാവുമായിരുന്നുവെങ്കിലും ദുര്‍മ്മോഹചിന്തകളില്‍നിന്നു രക്ഷപെടുന്നതിനു് തനിക്കു കണ്ണുകളെ നിയന്ത്രിക്കേണ്ടതാവശ്യമായിരുന്നുവെന്നു് അദ്ദേഹം ഗ്രഹിച്ചിരുന്നു. ''ഒരു കന്യകയെ നോക്കാതിരിക്കേണ്ടതിനു് ഞാന്‍ എന്‍റെ കണ്ണുമായി ഒരുടമ്പടി ചെയ്തു'' (ഇയ്യോ. 31:1 LB) എന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നു.

പുരുഷന്മാര്‍ക്കു് ഏറ്റവും വലിയ പരീക്ഷ അവരുടെ കണ്ണുകള്‍ മുഖാന്തരമാണു് സംഭവിക്കുന്നതു്. ഈ കാര്യത്തില്‍ ശ്രദ്ധചെലുത്താതെ ഒരു അശുദ്ധചിന്തയോ ചിത്രമോ മനസ്സില്‍ പ്രവേശിക്കുവാന്‍ നാം അനുവദിക്കുന്നപക്ഷം അതിനെ പിന്നെ അവിടെനിന്നു പറിച്ചു നീക്കിക്കളയുക അസാധ്യമാണു്.

നമ്മുടെ ജീവിതത്തെ ശിക്ഷണവിധേയമാക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകം ഓരോ പ്രഭാതത്തിലും ഉണര്‍ന്നെഴുന്നേറ്റശേഷവും ഓരോ രാത്രിയും ഉറങ്ങാന്‍പോകുന്നതിനുമുമ്പും ഒരു ധ്യാനസമയം വേര്‍തിരിക്കുക എന്നതാണു്.

നേരേമറിച്ചു് ഉണര്‍ന്നശേഷം നാം തുടര്‍ന്നു കിടക്കയില്‍ത്തന്നെ അലസമായിക്കിടക്കുന്നപക്ഷം അശുദ്ധചിന്തകള്‍ മനസ്സില്‍ നിറയുവാന്‍ നാം വാതില്‍ മലര്‍ക്കെ തുറന്നുകൊടുക്കുകയാണു്.

നാം നമ്മുടെ മനസ്സിനെ ദിനംതോറും ദൈവവചനം കൊണ്ടു നിറയ്ക്കണം. അപ്രകാരം മനസ്സില്‍ ദൈവവചനം നിറയുവാന്‍ അനുവദിക്കുന്നതു് അശുദ്ധചിന്തകള്‍ക്കെതിരായുള്ള സുനിശ്ചിതമായ ഒരു രക്ഷാനടപടിയാണു്.

''ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു് നിന്‍റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു'' എന്നു് ദാവീദു പറയുന്ന ഭാഗം ശ്രദ്ധിക്കുക (സങ്കീ. 119:11).

ദൈവവചനം ഇത്രയുംകൂടി പറയുന്നു: ''ദൈവത്തിന്‍റെ അംഗീകാരം വിലപ്പെട്ടതായി നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങളുടെ മനസ്സിനെ വിശുദ്ധവും ഉത്തമവും നിര്‍മ്മലവും മനോഹരവും നന്മ നിറഞ്ഞതുമായ കാര്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുക'' (ഫിലി. 4:8 ).

തിരുവചനത്തിലെ ഈ കല്പനയുടെ അനുസരണം അശുദ്ധചിന്തകളുമായി പോരാടുന്നതില്‍ തനിക്കു വലിയൊരു സഹായമായിത്തീര്‍ന്നിട്ടുണ്ടന്നു‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ശ്രേഷ്ഠമിഷ്യനറിയായ ഹെന്റി മാര്‍ട്ടിന്‍ താന്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ എഴുതിയിട്ടുണ്ട്.

ഏതെങ്കിലും ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ഒരു ദുര്‍മ്മോഹചിന്ത അദ്ദേഹത്തിന്‍റെ ഹൃദയവാതിലില്‍ വരുന്ന സമയത്തു് ഉടന്‍തന്നെ അദ്ദേഹം അവള്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: ''ദൈവമേ, അവളെ അവിടുത്തെ മഹത്വത്തിനായി വേര്‍തിരിക്കപ്പെട്ടവളായി, പരിശുദ്ധാത്മാവിന്‍റെ ഒരു മന്ദിരമായിത്തീരുമാറു് ഹൃദയത്തിലും മനസ്സിലും വിശുദ്ധയായി സൂക്ഷിക്കണമേ.'' ഇപ്രകാരം അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചശേഷം അവളെ സംബന്ധിച്ച ഒരു അശുദ്ധചിന്ത തന്‍റെ ഹൃദയത്തിലേക്കു കടത്തിവിടുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല.

ചിന്തയില്‍ വിശുദ്ധി നിലനിര്‍ത്തുവാനുള്ള അത്യുത്തമമായ ഒരു മാര്‍ഗ്ഗമാണിതു്.

ലോകത്തില്‍ ഇന്നു നിലവിലുള്ള ധാര്‍മ്മികനിലവാരം വളരെയധികം താഴ്ന്നതാണെന്നും തന്മൂലം അശുദ്ധചിന്തകളില്‍നിന്നു നിശ്ശേഷം സ്വതന്ത്രനായിത്തീരുക പ്രയാസമാണെന്നും ചിലര്‍ പറഞ്ഞേക്കാം.

എന്നാല്‍ ഈ നിലവാരം ഇരുപതാം ശതാബ്ദത്തിനു മാത്രമുള്ളതല്ല. ഒന്നാം ശതാബ്ദത്തിലെ കോരിന്ത് ധാര്‍മ്മികാധഃപതനത്തിന്‍റെയും അസാന്മാര്‍ഗ്ഗികതയുടെയും കേന്ദ്രമായിരുന്നു.

എങ്കിലും കൊരിന്ത്യരുടെ എല്ലാ ചിന്തയെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കണമെന്നു് ദൈവാത്മാവു് അവിടെയുള്ള ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചിരുന്നു (2 കൊരി. 10:5).

ഇന്നും അതുതന്നെ ചെയ്യുവാന്‍ പരിശുദ്ധാത്മാവു് നമ്മോടു കല്പിക്കുന്നു. ജീവനിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഘടവുമായിരിക്കാം. എങ്കിലും ആ വഴിയിലൂടെ നടക്കത്തക്കവണ്ണം നമ്മെ ശക്തീകരിക്കുവാന്‍ പരിശുദ്ധാത്മാവിനു കഴിയും.

ഇപ്രകാരം നമ്മുടെ ജീവിതങ്ങളെ ശിക്ഷണാധീനമാക്കുക എന്നതിന്‍റെ അര്‍ത്ഥം സ്ത്രീക്കു് പുരുഷനോടോ പുരുഷനു് സ്ത്രീയോടോ ഒരു വിരക്തി അഥവാ വെറുപ്പു തോന്നുക എന്നതല്ല.

സ്ത്രീപുരുഷന്മാര്‍ക്കു് അന്യോന്യം ആകര്‍ഷ ണം തോന്നുക എന്നതു് അതില്‍ത്തന്നെ പാപകരമല്ല. അതു് ഏറ്റവും സ്വാഭാവികമാണു്. സുന്ദരമായ ഒരു മുഖത്തെ ദൈവത്തിന്‍റെ സൗന്ദര്യപൂര്‍ണ്ണമായ സൃഷ്ടിയുടെ ഒരു ഭാഗമായിക്കണ്ട് അഭിനന്ദിക്കുക എന്നതു് തെറ്റായ ഒരു കാര്യമല്ല. എന്നാല്‍ നാം ധാര്‍മ്മികമായി വീഴ്ചപറ്റിയ സൃഷ്ടികളാണു്.

അതിനാല്‍ നാം വേണ്ടത്ര കരുതലോടെയിരുന്നില്ലെങ്കില്‍ സുന്ദരമായ രൂപത്തെ ശ്രദ്ധിക്കുന്നതോടൊപ്പം ദുര്‍മ്മോഹമങ്കുരിക്കുവാനുംകൂടി അതു വഴിയൊരുക്കും.

സ്ത്രീക്കു് പുരുഷന്‍റെയോ പുരുഷനു സ്ത്രീയുടെയോ നേരേ തോന്നുന്ന ആകര്‍ഷണം അതില്‍ത്തന്നെ നിര്‍ദ്ദോഷമാണെങ്കിലും നമുക്കു് ദുശ്ചിന്തയ്ക്കുള്ള ഒരവസരമായി അതു തീരുവാന്‍ സാധ്യതയുണ്ട്.

'രണ്ടാമതൊരു സ്പര്‍ശനം' (A second touch) എന്ന ഗ്രന്ഥത്തില്‍ കെയ്ത്ത് മില്ലര്‍ ഇപ്രകാരം പറയുന്നു: ''ആഴമായ സമര്‍പ്പണമുള്ള ഒരു ക്രിസ്ത്യാനിയായിത്തീര്‍ന്നതുകൊണ്ട് ഒരുവന്‍ മറുവിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ സൗന്ദര്യ ത്തെപ്പറ്റി ബോധവാനാകാതിരിക്കേണ്ട ആവശ്യമില്ല എന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഈ വിധത്തിലുള്ള അംഗീകാരം ഏതെങ്കിലും വിധത്തില്‍ പാപമാണെന്നു ഞാന്‍ കരുതുന്നില്ല. ആത്മീയമായി ഒരു പരിശോധനയ്ക്കു് ഒരുവന്‍ പാത്രമാകണമെന്നു കാണിക്കുന്ന ഒരു വിഷയവുമല്ല അതു്.

വാസ്തവത്തില്‍ നിങ്ങള്‍ എന്‍റെ പ്രായക്കാരനായിരിക്കെ, എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരാളുടെ ശാരീരികസൗന്ദര്യത്തെപ്പറ്റി ബോധവാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു ശാരീരികപരിശോധന നടത്തേണ്ടതാവശ്യമാണു്.

ഇതു ഞാന്‍ വളരെ ഗൗരവപൂര്‍വ്വം പറയുകയാണു്. അംഗീകാരമെന്നതു് ഒരിക്കലും പാപമല്ല എന്നാണെന്‍റെ അഭിപ്രായം. യാഥാര്‍ത്ഥ്യമാലോചിച്ചാല്‍ പാപം ചെയ്യാനുള്ള ഒരു പ്രത്യേകസാധ്യതയെ അംഗീകരിക്കുക എന്നതു് ക്രിസ്തീയസ്വഭാവത്തിന്‍റെ വളര്‍ച്ചയ്ക്കു് ആവശ്യമായ ഒരു ഘടകമാണു്.

ഉദാഹരണമായി അന്ധനായ ഒരു മനുഷ്യന്‍ അയാളുടെ മുമ്പില്‍ മേശപ്പുറത്തിരുന്ന സ്വര്‍ണ്ണക്കട്ടി മോഷ്ടിക്കാതിരിക്കുന്നതുമൂലം നാമയാളെ സത്യസന്ധനെന്നു കരുതാറില്ല. നേരേമറിച്ചു് ആ സ്വര്‍ണ്ണക്കട്ടി കണ്ടറിയുകയും അതു കരസ്ഥമാക്കുവാനുള്ള തന്‍റെ ഹൃദയാഭിലാഷം പൂര്‍ണ്ണമായി ഗ്രഹിക്കയും, എന്നിട്ടും അതു മോഷ്ടിക്കാതിരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത ഒരുവനെയാണു് സത്യസന്ധനെന്നു് നാം എണ്ണുന്നതു്.

താന്‍ കണ്ട്റിഞ്ഞ ഒരു കാര്യത്തെ സംബന്ധിച്ചു് ഒരുവന്‍ എന്തു ചെയ്യുന്നു എന്നതാണു് പ്രശ്‌നം.''

പരിശുദ്ധാത്മാവു നമ്മെ നിയന്ത്രിക്കയും നമ്മുടെ കണ്ണുകളും ചിന്തകളും മറ്റൊരു ഭാഗത്തേക്കു തിരിച്ചുവിടുവാന്‍ ഉപദേശിക്കയും ചെയ്യുമ്പോള്‍ ആത്മാവിന്‍റെ ശബ്ദത്തെ അനുസരിക്കുന്നതിലാണു് നമ്മുടെ സുരക്ഷിതത്വം സ്ഥിതിചെയ്യുന്നതു്.

''കര്‍ത്താവേ, (ഈ വിഷയത്തില്‍) എനിക്കു ജയിക്കുവാന്‍ കഴിയാത്ത പരീക്ഷ അഭിമുഖീകരിക്കുവാന്‍ എനിക്കു് ഇടയാക്കരുതേ'' എന്നു നാം കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയും വേണം. ആത്മാര്‍ത്ഥതയോടെ അപ്രകാരം പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി പല യുവജനങ്ങള്‍ക്കും വിജയം ലഭിച്ചിട്ടുണ്ട്.

അപ്പോള്‍  പ്രാര്‍ത്ഥിക്കുക...വിജയം നേടുക...

Copyright by Zac Poonen

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും