"വിലപിക്കുന്നവർ ഭാഗ്യവാൻ മാർ.."

വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും." (മത്തായി 5:4)

പാപകരമായ ലോകത്തിൽ ജീവിക്കുന്പോഴും വിശുദ്ധിയിലേക്കുള്ള പടവുകൾ എങ്ങിനെ കയറാം എന്നുള്ള ചോദ്യത്തിന് ഏറ്റവും വ്യക്തമായ ഉത്തരമാണ് യേശുവിന്റെ മലയിലെ പ്രസംഗം.

യേശുവിന്റെ ആഗമനംവരെ, ദൈവഹിതമനുസരിച്ചുള്ള ഒരു ജീവിതരീതിയെക്കുറിച്ചു യഹൂദജനം അറിഞ്ഞിരുന്നത്, പ്രവാചകന്മാരിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ദൈവദാസരിലൂടെയും ആയിരുന്നു. എന്നാൽ, അവരിലൂടെ വെളിപ്പെട്ടുകിട്ടിയ കല്പനകളും നിർദ്ദേശങ്ങളും പലപ്പോഴും ഭയത്തിന്റെ പുറങ്കുപ്പായം അണിഞ്ഞവ ആയിരുന്നു.

പ്രവാചകരിലൂടെയും പ്രമാണങ്ങളിലൂടെയും വെളിപ്പെടാതെപോയ ദൈവസ്നേഹം യഹൂദർക്ക് മാത്രമല്ല, ലോകമെന്പാടുമുള്ള ജനതകൾക്ക് യുഗാന്ത്യംവരെ നിലനിൽക്കുന്ന തരത്തിൽ വെളിപ്പെടുത്തികൊടുക്കുക എന്ന ക്ലേശകരമായ ദൗത്യം തന്റെ ഏകാജാതനെയാണ് പിതാവായ ദൈവം ഭരമേല്പ്പിച്ചത്

. വിശുദ്ധിയിലേക്കുള്ള വഴി മനുഷ്യരുടെ പ്രവർത്തികളിലോ നേട്ടങ്ങളിലോ അധിഷ്ടിതമല്ലെന്നും, ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ് മനുഷ്യരെ രക്ഷിച്ച് സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ പങ്കാളികളാക്കുന്നതെന്നുമുള്ള സന്ദേശം യേശു മലയിലെ പ്രസംഗത്തിലൂടെ വ്യക്തമായി നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നുണ്ട്.

നാമെന്തിനുവേണ്ടിയാണ് വിലപിക്കുന്നത്?

നഷ്ടപ്പെട്ടവയെക്കുറിച്ചുള്ള സങ്കടമാണ് വിലാപമായി പുറത്തുവരുന്നത്. നഷ്ടമായവ നമുക്കെത്രയധികം പ്രിയപ്പെട്ടവ ആയിരുന്നു എന്നതനുസരിച്ച് നമ്മുടെ സങ്കടത്തിന്റെയും, അതുമൂലം വിലാപത്തിന്റെയും, തോത് കുറയുകയും കൂടുകയും ചെയ്യും.

ഈ വിലാപം പല രീതിയിൽ മനുഷ്യരിൽ പ്രത്യക്ഷമാകാറുണ്ട്. ഒട്ടേറെപ്പേർ നഷ്ടപ്പെട്ടുപോയവയ്ക്ക് പകരമായി മറ്റ് ലൌകീക വസ്തുക്കൾക്ക് പിന്നാലെ പരക്കം പായുന്നവരാണ്. ചിലർ മദ്യത്തെയും മറ്റ് ലഹരി പദാർത്ഥങ്ങളെയും അവരുടെ വേദനകളിൽനിന്നും ഓടിയോളിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നു.

വേറെയും ചിലർ, സമയം മായ്ക്കാത്ത മുറിവുകളില്ലെന്നു സമാധാനപ്പെടുന്നു. ചുരുക്കം ചിലർ, അവരുടെ വേദനകളിൽ അവർക്കൊപ്പം വേദനിക്കുന്ന ദൈവത്തെ കണ്ടെത്തി, ദൈവത്തിന്റെ സന്നിധിയിൽ അഭയം തേടാനുള്ള അവസരമാക്കി അവരുടെ വേദനകളെ  മാറ്റുന്നു. ഇവയിൽ ഒരു വഴി മാത്രമേ സൌഭാഗ്യദായകമായി ഭവിക്കുന്നുള്ളൂ. നമ്മുടെ വേദനകളും വിലാപങ്ങളും നമ്മെ ദൈവത്തിന്റെ വഴിയിളിലേക്കെത്തിക്കുന്നതിനു സഹായകമാകുന്നുണ്ടോ?

ലൌകീകസുഖങ്ങളിൽ കണ്ണു മഞ്ഞളിച്ച്, നമുക്കുള്ളവയുടെ വില കണക്കാക്കുന്പോൾ പലപ്പോഴും നമ്മൾ ശരീരത്തിന്റെ ആവശ്യങ്ങൾക്കാണ് മുൻഗണന കൊടുക്കാറുള്ളത്. . വസ്തുക്കളെ സ്നേഹിക്കുവാനും വ്യക്തികളെ ഉപയോഗിക്കുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന പാപാവസ്ഥയെ നല്ലതുപോലെ മനസ്സിലാക്കിയ ദൈവം നമുക്ക് നൽകിയ പരമ പ്രധാനമായ കൽപനയാണ്,

എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം എന്നത്. ഈ കല്പന പാലിക്കാതെ, സ്രഷ്ടാവിനെക്കാളും സൃഷ്ടിക്കു വില നൽകുന്പോഴാണ് നമ്മിൽ അസ്വസ്ഥതകളും വേദനകളും ഉടലെടുക്കുന്നത്.

നമ്മുടെ ആത്മാവിലെ ദാരിദ്ര്യം കണ്ടിട്ടും നമ്മെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചു നമ്മോടു പറഞ്ഞതിനു ശേഷം യേശു നമ്മോട് ആവശ്യപ്പെടുന്നത്, ദൈവത്തെ തിരികെ സ്നേഹിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥയെച്ചൊല്ലി വിലപിക്കാനാണ്.

ലൗകീകമായ സങ്കടങ്ങൾ പലപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിച്ചു തരുന്നത്, ആ വേദനകളിലൂടെ നമ്മൾ ദൈവത്തെ അന്വേഷിക്കുന്നതിനാണ്.

നമ്മുടെ ഹൃദയത്തിൽനിന്നും ദൈവസ്നേഹത്തെ നമ്മൾ അകറ്റിനിർത്തിയെന്ന ബോദ്ധ്യമാണ് ദൈവീകരക്ഷയിലേക്ക് നമ്മെ നയിക്കുന്ന രണ്ടാമത്തെ പടി. ദൈവത്തെ സ്നേഹിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥകളെപ്പറ്റി വിലപിച്ചുകൊണ്ട്, നമ്മുടെ ശരീരത്തിനും മനസ്സിനും ഒന്നുപോലെ ആശ്വാസമേകാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ നിറവിനായി നമുക്ക് പ്രാർത്ഥിക്കാം.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും