Hebrew.....
പഠനങ്ങൾക്ക് വിഷയീഭവിച്ചിട്ടുള്ള ഒരു ലേഖനമാണ്. വേദപണ്ഡിതനായ റൈമണ്ട് ബ്രൌണിൻറെ അഭിപ്രായത്തിൽ “പുതിയനിയമത്തിലെ ഏറ്റവും ഹൃദയഹാരിയായ രചനയാണ്” ഈ ലേഖനം1). വായനക്കാരെ വിട്ടുവീഴ്ചയില്ലാത്ത ഒരു ക്രിസ്തീയ പ്രതിബദ്ധതയിലേക്ക് നയിക്കുവാൻ പര്യാപ്തമായതും അപ്പോൾ തന്നെ പുതിയനിയമത്തിലെ ഏറ്റവും തീവ്രമായ മുന്നറിയിപ്പുകളും അടങ്ങിയിരിക്കുന്ന ഒരു ലേഖനമാണിത്. തന്റെ ഈ ലേഖനത്തെ രചയിതാവു തന്നെ വിശേഷിപ്പിക്കുന്നത് “പ്രബോധനവാക്യം” എന്നാണ് (എബ്രാ 13:22). ബൈബിളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ് എബ്രായ ലേഖനം.
പരമ്പരാഗതമായി എബ്രായ ലേഖനം പൌലോസിന്റെ രചനയായാണ് ചിലരെങ്കിലും കരുതുന്നത്. എങ്കിലും ആദിമ നൂറ്റാണ്ടുകൾ മുതൽ തന്നെ ഇതിനെക്കുറിച്ച് ഒരു ഉറപ്പില്ലായ്മ ഉണ്ടായിരുന്നു . ഉദാഹരണമായി സഭാപിതാവായ തെർത്തുല്ല്യൻ2) ഇത് ഏഴുതിയത് ബർണബാസാണെന്നാണ് പറഞ്ഞിരിക്കുന്നത്. യൂസീബിയസ് ഇതു പൌലോസ് എഴുതിയതാണെന്ന്‍ വിശ്വസിച്ചിരുന്നു. എന്നാൽ മറ്റൊരു സഭാപിതാവായ ഒറിജിൻ3) ഇതിനോട് പൂർണമായും യോജിച്ചിരുന്നില്ല. അദ്ദേഹത്തിൻറെ ഈ വിഷയത്തെപ്പറ്റി താഴെ പറയുന്ന പ്രകാരമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്:
“ആശയങ്ങൾ (പൗലോസ്) അപ്പോസ്തലന്റെയാണ്, പക്ഷെ രചനാ രീതിയും രൂപീകരണവും അപ്പോസ്തലന്റെ പഠിപ്പിക്കലുകൾ ഓർത്തെടുത്ത് എഴുതിയ വ്യക്തിയുടേതാണ്….. പക്ഷെ ഇതാരാണ് എഴുതിയതെന്നുള്ളത് സത്യത്തിൽ ദൈവത്തിനു മാത്രമേ അറിയൂ…. എന്നാൽ നമ്മുക്ക് ലഭ്യമായ വിവരണങ്ങളിൽ ചിലർ പറയുന്നത് റോമിലെ ബിഷപ്പായിരുൻന ക്ലെമൻറ് ആണ് ഈ ലേഖനം എഴുതിയതെന്നാണ്. എന്നാൽ മറ്റു ചിലർ പറയുന്നത് അത് സുവിശേഷവും (അപ്പൊസ്തലൻമാരുടെ) പ്രവർത്തികളുടെ പുസ്തകവുമെഴുതിയ ലൂക്കോസ് ആണ് എന്നാണ്”4).
മറ്റൊരു സഭാ പിതാവായ അലക്സാണ്ട്രിയായിലെ ക്ലെമൻറ്5) ഈ വിഷയത്തെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്:
“എബ്രായർക്കെഴുതിയ ലേഖനം പൌലോസിന്റെ രചനയാണ്, ഇതു എബ്രായർക്കു വേണ്ടി ഹീബ്രൂ ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്. എന്നാൽ ലൂക്കോസ് ഇതു വളരെ ശ്രദ്ധാപൂർവം വിവർത്തനം ചെയ്ത് ഗ്രീക്കുകാർക്കു വേണ്ടി പ്രസിദ്ധീകരിച്ചു, അതുകൊണ്ട് തന്നെ ഈ ലേഖനത്തിലും പ്രവർത്തികളുടെ പുസ്തകത്തിലും ഒരേ ശൈലിയിലുള്ള ആശയ പ്രകാശന രീതികൾ കാണുവാൻ സാധിക്കും”6).
പൗലോസ് ആണ് ഈ ലേഖനം എഴുതിയതെന്നു വിശ്വസിക്കുവാൻ സാധിക്കില്ല. കാരണം 2:3 ൽ എഴുത്തുകാരൻ താൻ രക്ഷയെക്കുറിച്ചു അറിഞ്ഞത് കർത്താവിൽ നിന്നല്ല മറിച്ച് കർത്താവിൽ നിന്നും കേട്ടവരിൽ നിന്നാണെന്ന്‍ പറയുന്നുണ്ട് (കേട്ടവർ നമ്മുക്ക് ഉറപ്പിച്ചു തന്നതുമായ). എന്നാൽ ഗലാത്യർക്കെഴുതിയ ലേഖനത്തിൽ പൗലോസ് ഇത്തരമൊരു ആരോപണം ശക്തമായി നിക്ഷേധിക്കുന്നുണ്ട് (ഗലാ 1:11-12). തനിക്ക് പറയുവാനുള്ള കാര്യങ്ങൾ തന്റെ അപ്പോസ്തലിക അധികാരത്തിൽ നിന്നുകൊണ്ട് എഴുതുക എന്നതാണ് പൌലോസ് സാധാരണ അവലംബിച്ചുകാണുന്ന ഒരു രീതി. ഇത്ര താഴ്മയോടെ മറ്റ് അപ്പോസ്തലന്മാരെക്കുറിച്ച് ഈ രീതിയിൽ പൌലോസ് പറയുവാന്‍ യാതൊരു സാധ്യതയുമില്ല. പൌലോസിന്റെ മറ്റ് രചനകളിൽ നിന്ന് വ്യത്യസ്തമായി ഈ ലേഖനത്തിന്റെ എഴുത്തുകാരനാരാണ് എന്നത് ഈ ലേഖനത്തിനുള്ളിൽ എങ്ങും പറഞ്ഞിട്ടില്ല. ഇതു കൂടാതെ പൌലോസിന്റെ മറ്റു രചനകളിൽ നിന്നും ഈ ലേഖനത്തിന്റെ ഭാഷ ശൈലിക്കുള്ള വ്യത്യാസം, വാദങ്ങൾ നിരത്തിയിരിക്കുന്ന രീതിയിലുള്ള വ്യത്യാസം, ഇതിന്റെ മുഖ്യ പ്രമേയമായ യേശുവിന്റെ പൌരോഹിത്യം എന്ന വിഷയം തന്റെ മറ്റു ലേഖനങ്ങളിൽ താൻ പരാമർശിച്ചിട്ടില്ല എന്നിങ്ങനെ വിവിധ കാരണങ്ങൾ പൌലോസല്ല ഈ ലേഖനം എഴുതിയത് എന്ന നിഗമനത്തിലേക്കെത്തുവാൻ പണ്ഡിതന്മാരെ സഹായിച്ചിട്ടുണ്ട്7).
അപ്പല്ലോസ്, പ്രിസ്കില്ല തുടങ്ങി യേശുവിൻറെ അമ്മ മറിയയുടെ8) പേരുവരെ ഈ ലേഖനത്തിൻറെ രചയിതാവിനെക്കുറിച്ചുള്ള ആധുനിക പഠനങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. ആദിമ നൂറ്റാണ്ടുകളിൽ വിവിധ പുതിയനിയമ ഗ്രന്ഥങ്ങളുടെ കാനോനികതയെക്കുറിച്ചുള്ള ചർച്ചകളിൽ ഓരോ ഗ്രന്ഥത്തിൻറെയും എഴുത്തുകാരൻ ആരാണെന്നതിന് അവയുടെ കാനോനികത നിശ്ചയിക്കുന്നതിൽ വളരെ പ്രാധാന്യമുണ്ടായിരുന്നു, ഇങ്ങനെയൊരു സാഹചര്യത്തിൽ ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവ എഴുത്തുകാരുടെ സാക്ഷ്യങ്ങളുടെ പിൻബലമില്ലാത്തതിനാൽ തന്നെ ഈ പേരുകളൊന്നും 9) അത്ര ഗൗരവമായി പരിഗണിക്കേണ്ടതില്ല എന്നതാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. സ്ത്രീകൾ ആരെങ്കിലുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത് എന്നു വന്നാലും എനിക്ക് വ്യക്തിപരമായി അതിനോടെതിർപ്പൊന്നുമില്ല. പക്ഷേ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ എബ്രായർ 11:32 ൽ “വിവരിക്കുവാൻ സമയം പോര” എന്ന പറഞ്ഞിരിക്കുന്നിടത്ത് മൂലഭാഷയിൽ എഴുതിയിരിക്കുന്നത് ἐπιλείψει με γὰρ διηγούμενον ὁ χρόνος (എപിലെയ്പ്സി മെ ഗാർ ദിയഗോമെനോൻ ഹൊ ക്രോണോസ് = എന്തെന്നാൽ വിവരിച്ചാൽ സമയം എന്നെ പരാജയപ്പെടുത്തും) എന്നാണ്. ഇതിൽ με (മെ = എന്നെ) എന്ന ഏകവചന സർവ്വനാമാം διηγούμενον (ദിയഗോമെനോൻ = വിവരിച്ചാൽ) എന്ന പുല്ലിംഗ പാർട്ടിസിപ്പിളുമായി ചേർത്ത് പ്രയോഗിച്ചിരിക്കുന്നതിനാൽ με (മെ = എന്നെ) എന്നത് എഴുത്തുകാരനെക്കുരിക്കുന്ന ഒരു പുല്ലിംഗ സർവ്വനാമമായി മാറുന്നു. ഇതിൽ നിന്നും എഴുത്തുകാരൻ ഒരു പുരുഷനാണെന്ന് നമ്മുക്ക് തീർച്ചയാക്കാം. 10).
ഈ വിഷയത്തിൽ ശ്രദ്ധേയമായ രണ്ട് ആധുനിക പഠനങ്ങൾ ബാപ്റ്റിസ്റ്റ് പശ്ചാത്തലത്തിൽ നിന്നുള്ള പുതിയ നിയമ വ്യഖ്യാതാക്കളായ ഡേവിഡ് എൽ. അലെൻ, ഡേവിഡ് അലൻ ബ്ലാക്ക് എന്നിവരുടേതാണ്. ലൂക്കോസ് ഒരു യഹൂദനായിരുന്നുവെന്നും അദ്ദേഹം സ്വതന്ത്രമായി എഴുതിയ ഒരു ലേഖനമാണിതെന്നും സമർത്ഥിക്കുന്നതാണ് ഡേവിഡ് എൽ. അലെൻ തന്റെ ഗവേഷണത്തിലൂടെ തെളിയിക്കുവാൻ ശ്രമിക്കുന്നത് 11). ലേഖനം എഴുതുക എന്ന പ്രക്രിയ ലൂക്കോസ് നിർവ്വഹിചതായിരിക്കാമെങ്കിലും എബ്രായ ലേഖനം പൌലോസിന്റേത് തന്നെയാണ് എന്ന വാദമാണ് ഡേവിഡ് അലൻ ബ്ലാക്ക് തന്റെ പുസ്തകത്തിൽ ഉന്നയിക്കുന്നത്12). ഡേവിഡ് അലൻ ബ്ലാക്കിന്റെ വാദമുഖങ്ങൾ പരിശോധിച്ചത്തിനു ശേഷവും എബ്രായ ലേഖനം പൌലോസിന്റേതാണ് എന്ന വാദം തള്ളിക്കളയുവാൻ മതിയായ കാരണങ്ങൾ ഉണ്ട് എന്ന നിർണ്ണയത്തിലേക്കാണ് പൌലോസിന്റെ രചനകളെ സംബന്ധിച്ച പഠനമേഖലയിൽ പ്രമുഖനായ പുതിയ നിയമ പണ്ഡിതൻ തോമസ് ഷ്രൈനർ എത്തിച്ചേർന്നിരിക്കുന്നത്13). തിമോഥെയോസിനെക്കുറിച്ച് പരാമർശമുള്ളതിനാൽ പൌലോസിന്റെ സന്തതസഹചാരികളിൽ ആരോ ആണ് ഈ ലേഖനത്തിന്റെ രചയിതാവ് എന്ന് ഊഹിക്കാം. ലൂക്കോസിന്റെ സ്വതന്ത്ര രചനയെന്ന വാദം മുന്നോട്ടു വയ്ക്കുന്ന ഡേവിഡ് എൽ. അല്ലന്റെ പുസ്തകം ഞാൻ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ അതിനാൽ അത് എന്റെ കാഴ്ചപ്പാടിനെ ഏതു നിലയിൽ സ്വാധീനിക്കും എന്ന് ഇപ്പോൾ പറയുവാൻ സാധിക്കില്ല. നിലവിൽ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള നിഗമനങ്ങളിൽ പൌലോസിന്റെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തിൽ ലൂക്കോസ് ഒരു തയ്യാറാക്കി പ്രസിദ്ധീകരിച്ച ഒരു രചനയായിരിക്കാം എബ്രായ ലേഖനം എന്ന വീക്ഷണത്തോടാണ് എന്റെ ചായ്‌വ്14).
എന്തു തന്നെയായാലും ഇതിൻറെ എഴുത്തുകാരനെക്കുറിച്ചു മനസ്സിലാക്കേണ്ട പ്രധാന വസ്തുത അദ്ദേഹം പഴയനിയമത്തിൻറെ ഗ്രീക്ക് വിവർത്തനമായ സെപ്ത്വജിൻറിൽ ആഴമേറിയ അറിവുള്ള ഒരു യഹൂദാ ക്രിസ്ത്യാനിയായിരുന്നു എന്നതാണ്. തൻറെ ലേഖനത്തിലുടനീളം സെപ്ത്വജിൻറിൽ നിന്നുള്ള പഴയനിയമ ഉദ്ധരണികളാണു അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്15). മാത്രവുമല്ല ഈ എഴുത്തുകാരൻ തൻറെ കാലഘട്ടത്തിലെ ഗ്രീക്ക് ഭാഷയിലും അഗാധമായ പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു. ഉദാഹരണമായി മറ്റൊരു പുതിയ നിയമ പുസ്തകങ്ങളിലും ഉപയോഗിച്ചിട്ടിൽലാത്ത ഏകദേശം 157 വാക്കുകൾ എബ്രായ ലേഖകൻ തൻറെ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്16). എഴുത്തുകാരൻറെ മറ്റൊരു പ്രത്യേകതയായി വിലയിരുത്തപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിൻറെ വാഗ്‌പാടവ നിപുണതയാണ്17). (എഴുത്തുകാരൻ അല്ലെങ്കിൽ പ്രാസംഗികൻ തന്റെ വായനക്കാരിൽ അല്ലെങ്കിൽ ശ്രോതാക്കളിൽ തന്റെ പ്രഭാഷണം ശരിയായ നിലയിൽ സ്വാധീനം ചെലുത്തുന്നതിനു വേണ്ടി അവരെ ആകർഷിക്കുന്നതിനുവേണ്ടി താൻ ലക്‌ഷ്യംവെക്കുന്ന ബോധ്യതകൾ അവരിലേക്ക് സന്നിവേശിപ്പിക്കുന്നതിനുവേണ്ടി സ്വീകരിക്കുന്ന ചില ഭാഷാപരമായ സങ്കേതങ്ങളെയാണ് വാഗ്പാടവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.) ഒരിക്കൽ ഞാൻ ഒറ്റയിരുപ്പിൽ ഈ ലേഖനം മുഴുവനും വായിച്ചു തീർത്തു, എബ്രായ ലേഖകന്റെ ആശയപ്രകാശനത്തിന്റെ മനോഹാരിതയും ശക്തിയും ശരിയായ നിലയിൽ ഞാൻ മനസ്സിലാക്കിയതന്നാണ്.
എഴുത്തുകാരൻ ആരാണെന്നതിനെക്കുറിച്ചു പൂർണ്ണമായ ഒരുറപ്പു നമ്മുക്കു ലഭിക്കുകയില്ലയെങ്കിലും ലേഖനത്തിൻറെ ആദ്യ സ്വീകർത്താക്കൾക്കു എഴുത്തുകാരനെ വളരെ അടുത്ത് പരിചയമുണ്ടായിരുന്നു (എബ്രാ 13:19,23). എന്നിട്ടും അതിനെക്കുറിച്ചുള്ള ഉറപ്പായ ഒരു വിവരം പിൽക്കാല ക്രിസ്തീയ സമൂഹങ്ങളുടെ അടുക്കലേക്ക് എത്തിച്ചേർന്നില്ല എന്നത് വിസ്മയകരമായ ഒരു വസ്തുതയാണ്. ഈ ലേഖനത്തിന്റെ രചനയിൽ കേവലം പരോക്ഷമായ ഒരു സ്വാധീനം മാത്രമേ പൌലോസിനുള്ളൂവെങ്കിൽ പൌലോസിനോട് കിടപിടിക്കുന്ന ദൈവശാസ്ത്രമനസ്സിനുടമയായ മറ്റൊരു ഉത്കൃഷ്ട വ്യക്തിത്വം ആദിമ നൂറ്റാണ്ടിൽ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. അങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ അതാരായിരുന്നിരിക്കാം? എന്തുകൊണ്ട് അദ്ദേഹം കൂടുതൽ രചനകൾ ദൈവസഭയ്ക്ക് സംഭാവന ചെയ്തില്ല? തെളിവുകൾ ദുർലഭമാണെങ്കിലും അന്വേഷണങ്ങൾ അവസാനിക്കുന്നില്ല……..
– ഡെനീഷ് സെബാസ്റ്റ്യൻ
Comments